ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ കോൺഗ്രസ് മുന്നിൽ. കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ട്.

എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്. നവംബര്‍ 12ന് നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2017ല്‍ 75.6 ശതമാനം ആയിരുന്നു പോളിങ്. ആകെ 55.74 ലക്ഷം വോട്ടര്‍മാരുള്ള ഹിമാചലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നെഞ്ചിടിപ്പേറ്റിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി ജയറാം ഠാക്കൂർ, കോൺഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാനുമായ സുഖ്​വീന്ദര്‍ സിങ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകന്‍ വികാരാദിത്യ സിങ്, നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്‌നിഹോത്രി എന്നീ പ്രമുഖരുൾപ്പെടെ ജനവിധി തേടുന്നു. 19 ബിജെപി വിമതരും 8 കോണ്‍ഗ്രസ് വിമതരും ജനവിധി തേടുന്നുണ്ട്.1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനത്ത്, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപിയും ഭരണവിരുദ്ധ തരംഗം പ്രതീക്ഷിച്ച് കോണ്‍ഗ്രസും മത്സരിക്കുന്നു. ഏക വ്യക്തി നിയമം, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി, പഴയ പെന്‍ഷന്‍ പദ്ധതി, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി എന്നിവയുള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി മുന്‍നിർത്തി ബിജെപി വോട്ടുതേടിയപ്പോള്‍, സംസ്ഥാനത്ത് 6 തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിങ്ങിന്റെ മരണത്തെതുടർന്ന് നേതൃപരമായ പ്രതിസന്ധി നേരിട്ട കോണ്‍ഗ്രസ്, പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കീഴില്‍, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തിയത്. ബിജെപിയെയും കോണ്‍ഗ്രസിനെയും മടുത്തവര്‍ക്കുള്ള ബദൽ എന്നായിരുന്നു കേജ്‌രിവാളിന്റെ നേത‍ൃത്വത്തിലുള്ള എഎപിയുടെ പ്രചാരണം.

അതേ സമയം ഗുജറാത്തിൽ എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ മിന്നുന്ന ജയമാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചത്. ഗുജറാത്തിലെ അധികാരത്തുടർച്ചയിലൂടെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും ബിജെപിക്കു വർധിച്ചു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനു കയ്യിലുണ്ടായിരുന്ന സീറ്റുകൾ കൈമോശം വന്നു. പ്രചാരണത്തിലെ ആരവം തിരഞ്ഞെടുപ്പുഫലത്തിൽ നിലനിർത്താൻ ആം ആദ്മി പാർട്ടിക്കും (എഎപി) സാധിക്കാതിരുന്നതാണു ഗുജറാത്തിൽ ‘താമരപ്പാടം പൂത്തുവിടരാൻ’ സഹായിച്ചത്. അതുകൊണ്ടുതന്നെ ഗുജറാത്തിലെ കൂട്ട തകർച്ചയ്ക്കിടയിൽ ഹിമാചലിലെ വിജയം കോൺഗ്രസിന് നേരിയ ആശ്വാസമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക