കൊല്ലം: വഴിയരികിൽ ഒരുനോക്കു കാണാനായി കാത്തിരുന്ന കുരുന്നുകൾക്ക് മിഠായി സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്നു രാവിലെ കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിൽ സന്ദർശനം കഴിഞ്ഞു മടങ്ങുംവഴിയാണ് വഴിയരികിൽ കാത്തിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് സർപ്രൈസുമായി രാഷ്ട്രപതി എത്തിയത്.

കൊല്ലം ശ്രായിക്കാട് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്. വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടെ വാഹനം നിർത്തിച്ച് രാഷ്ട്രപതി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് പാതയോരത്ത് നിന്നിരുന്ന വിദ്യാർത്ഥിക്കൂട്ടത്തിലേക്ക് ചെന്ന് കൈകൊടുത്തു. തുടർന്നായിരുന്നു അവിടെ ഒരുമിച്ചുകൂടിയിരുന്ന കുട്ടികൾക്കെല്ലാം കൂടെ കൊണ്ടുവന്നിരുന്ന ചോക്ലേറ്റുകൾ സമ്മാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രപതി മടങ്ങിയ ശേഷം വിദ്യാർത്ഥികൾ സ്‌കൂളിൽ ചെന്ന് രാഷ്ട്രപതിക്ക് നന്ദിയും രേഖപ്പെടുത്തി. ‘പ്രിയപ്പെട്ട പ്രസിഡന്റിന് സ്വാഗതം’ എന്ന പ്ലക്കാർഡും രാഷ്ട്രപതി സമ്മാനിച്ച മിഠായികളും ഉയർത്തിപ്പിടിച്ച് നന്ദിപ്രകടനവും നടത്തി വിദ്യാർത്ഥികൾ. നേരത്തെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിക്കൊപ്പം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്താനെത്തിയിരുന്നു. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഇതിനുശേഷം ആശ്രമത്തിലെത്തിയിരുന്ന ആറ് മെക്‌സിക്കൻ എം.പിമാരുമായും ദ്രൗപതി മുർമു അനൗപചാരിക കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും അവരെ സ്വീകരിക്കാനെത്തിയിരുന്നു. രാഷ്ട്രപതിയായ ശേഷമുള്ള മുര്‍മുവിന്‍റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക