കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ കൊച്ചി കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭ സംഘങ്ങളും വീണ്ടും സജീവമാകുന്നു. ഇടപാടുകളത്രയും നടക്കുന്നത് ഡിജെ- ലഹരിപാര്‍ട്ടികളുടെയും ഫാഷന്‍ ഷോകളുടെയും മറവിലാണ് കൊച്ചിയില്‍ പെണ്‍വാണിഭം തഴച്ചുവളരുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മോഡല്‍ ബലാത്സംഗത്തിന് ഇരയായ കേസില്‍ ഇത്തരം സംഘങ്ങളുടെ ഇടപെടല്‍ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലായ പ്രതികള്‍ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പോലീസ് കരുതുന്നത്. പിടിയിലായവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ഇതുസംബന്ധിച്ച്‌ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ കാസര്‍ഗോഡ്‌ സ്വദേശി മോഡലിനെ ഓടുന്ന ജീപ്പില്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ എറണാകുളം എം.ജി. റോഡിലെ അറ്റ്‌ലാന്റിസ്‌ ജങ്‌ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം. ഹോട്ടല്‍ കേന്ദ്രീകരിച്ചു ലഹരിയിടപാടുകള്‍ നടന്നതു സ്‌ഥിരീകരിക്കാന്‍ പോലീസിനു പുറമേ എക്‌സൈസും അന്വേഷണം ആരംഭിച്ചു. ഹോട്ടലിനെതിരേ ഒരു വര്‍ഷത്തിനിടെ ആറു കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.

മദ്യം വിളമ്ബാന്‍ യുവതികളെ നിര്‍ത്തിയത്‌ ഉള്‍പ്പെടെയാണു കേസ്‌. ബാറിന്റെ ഉദ്‌ഘാടനത്തിനാണു മദ്യം വിളമ്ബാന്‍ യുവതികളെ നിയോഗിച്ചത്‌. അനുവദനീയ സമയം കഴിഞ്ഞു മദ്യം നല്‍കിയതിനും സ്‌റ്റോക്കിലെ പൊരുത്തക്കേടുകള്‍ക്കുമായിരുന്നു മറ്റു നടപടികള്‍.

എക്‌സൈസ്‌ വകുപ്പും ബാറില്‍ പരിശോധന നടത്തി. പോലീസിന്റെ രേഖകള്‍ പ്രകാരം യുവതിക്ക്‌ 19 വയസാണു പ്രായം. 23 വയസില്‍ താഴെയുള്ളവര്‍ക്കു മദ്യം നല്‍കാന്‍ പാടില്ലെന്നാണു നിയമം. എന്നാല്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍, ബാറില്‍ യുവതി നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയസ്‌ ഇരുപത്തിയഞ്ചാണ്‌. പ്രായം സംബന്ധിച്ചു വ്യക്‌തത വരുത്തിയശേഷം കേസെടുക്കുന്നത്‌ അടക്കം നടപടി സ്വീകരിക്കാനാണ്‌ എക്‌സൈസിന്റെ നീക്കം.

ബാറിലെ സി.സി.ടിവികള്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. അറസ്‌റ്റിലായ നാലു പ്രതികളെയും ഡിസംബര്‍ മൂന്നുവരെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളെ സൗത്ത്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങും. ഇന്നുതന്നെ കോടതിയില്‍ ഇതു സംബന്ധിച്ചു അപേക്ഷ നല്‍കാനാണു പോലീസിന്റെ നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക