പാലാ കടപ്പാട്ടൂരിൽ സ്വകാര്യ മത്സ്യ വ്യാപാര കേന്ദ്രത്തിന് സമീപമുള്ള പുരയിടവും അതിരു ചേർന്നുകിടന്ന ഇടേട്ട് കടവിലേക്കുള്ള ഇടവഴിയും വെള്ളം ഒഴുകുന്ന ചാലും അനധികൃതമായി മണ്ണ് അടിച്ചുപൊക്കിയത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടയുകയും സമരം നടത്തുകയും ചെയ്തിരുന്നു. റോഡിൽ നിന്നുള്ള വെള്ളം ആറ്റിലേക്ക് എത്തിയിരുന്ന ഡ്രെയിനേജിൽ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും പൈപ്പ് സ്ഥാപിക്കുകയും ചെയ്തത് വെള്ളക്കെട്ടിന് ഇടയാക്കും എന്നതും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ആർ മനോജിന്റെ നേതൃത്വത്തിലാണ് സമരം നടന്നതും അധികൃതർക്ക് പരാതികൾ നൽകിയതും.

ഒരു മുതിർന്ന കേരള കോൺഗ്രസ് കൗൺസിലറുടെ ബന്ധുവിന്റെ പേരിലുള്ള വസ്തുവാണ് വിവാദ ഭൂമി എന്ന ആരോപണവും കോൺഗ്രസ് ഉയർത്തിയിരുന്നു. അതുകൊണ്ടുതന്നെ വാർഡിലെ കേരള കോൺഗ്രസ് കൗൺസിലറുടെ ഒത്താശയോട് കൂടിയാണ് ഈ അനധികൃത പ്രവർത്തനങ്ങൾ നടന്നതെന്നുമാണ് കോൺഗ്രസ് ആരോപിച്ചത്. വിഷയം ഉയർത്തിക്കാട്ടി സമര രംഗത്തിറങ്ങിയ കോൺഗ്രസ് നേതാവിനെ കൗൺസിൽ യോഗത്തിൽ ആരോപണ വിധേയനായ കൗൺസിലർ അവഹേളനപരമായി പരാമർശിച്ചതും വിവാദമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇന്ന് ഞായറാഴ്ച സവിശേഷമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഈ വിഷയത്തിൽ സംജാതമായത്. കോൺഗ്രസ് ഉയർത്തിയ ജനകീയ വിഷയം സിപിഎം ഏറ്റെടുത്ത് ജെസിബി ഉപയോഗിച്ച് അനധികൃതമായി നിക്ഷേപിച്ച മണ്ണ് എടുത്തു മാറ്റുകയും കുളിക്കടവിലേക്കുള്ള വഴിയും നീർച്ചാലും പുനസ്ഥാപിക്കുകയും ചെയ്തു. അഴിമതി നടന്നിട്ടില്ല എന്ന് നിലപാടെടുത്ത കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രാദേശികമായി ഇതു വലിയ തിരിച്ചടിയാണ്.

രാഷ്ട്രീയ ജാള്യത മറയ്ക്കുവാൻ വഴി പുനസ്ഥാപിച്ചത് എൽഡിഎഫ് ആണ് എന്ന രീതിയിൽ അവകാശവാദങ്ങളുമായി കേരള കോൺഗ്രസ് കൗൺസിലർ രംഗത്ത് വന്നിട്ടുണ്ട്. ഈ നിലപാടിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ജനങ്ങളോടും സമരം നടത്തിയവരോടും അവഹേളന പരാമർശങ്ങൾ നടത്തിയതിന് മാപ്പ് പറയാനുള്ള ആർജ്ജവം കൗൺസിലർ കാട്ടണമെന്ന് കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ആർ മനോജ് ആവശ്യപ്പെട്ടു. ജനകീയ വിഷയത്തിൽ രാഷ്ട്രീയം മറന്ന് ഇടപെടുവാനുള്ള സിപിഎം സന്മനസ്സിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പാലാ നഗരസഭയിലെ അധികാര തർക്കത്തെ ചൊല്ലി സിപിഎം കേരള കോൺഗ്രസ് ഭിന്നത നിലനിൽക്കുന്ന ഈ അവസരത്തിൽ ഇത്തരം ഒരു രാഷ്ട്രീയ സാഹചര്യം സംജാതമായത് പാലായിലെ രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക