തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ കടുത്ത തോല്‍വിക്ക് പിന്നാലെ ഇടത് സര്‍ക്കാരിന്റെ ധനനയത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി രംഗത്ത്.രണ്ടാം പിണറായി സര്‍ക്കാരിന്റെ ധനനയം യാഥാസ്ഥിതികമാണെന്ന് ആരോപിച്ചാണ് ഐസക്കിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം. ഗോപകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇന്നലെ രാത്രിയാണ് തോമസ് ഐസക് മന്ത്രിയായിരുന്ന രണ്ട് തവണയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ഗോപകുമാര്‍ സര്‍ക്കാരിന്റെ ധനനയത്തെ വിമര്‍ശിച്ചു പോസ്റ്റിട്ടത്.

കൊമ്ബത്തിരിക്കുന്നവരറിയുന്നില്ല അണികളുടെ നിരാശ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ധനകാര്യ വകുപ്പും ആരോഗ്യ വകുപ്പും നിരാശപ്പെടുത്തുന്നു. ക്ഷേമ പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നില്ല, ജനങ്ങളോട് നേരിട്ടിടപഴകുന്ന സാധാരണ പ്രവര്‍ത്തകര്‍ ചില വിഷയങ്ങളില്‍ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ട് നില്‍ക്കുന്നുണ്ട്, കൊമ്ബത്തിരിക്കുന്നവര്‍ക്ക് അത് മനസിലാകത്തില്ല .. എന്നിങ്ങനെ നിരവധി കമന്റുകളാണ് അണികളില്‍ നിന്നും സര്‍ക്കാരിനെതിരെയുള്ളത്.മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ അനുകൂലികളും സര്‍ക്കാരിനെതിരെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

തിരിച്ചടി തുടര്‍ക്കഥ

തൃക്കാക്കര , മട്ടന്നൂര്‍ നഗരസഭ എന്നിവയ്ക്ക് പിന്നാലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് തിളങ്ങുന്ന വിജയം കരസ്ഥമാക്കിയതോടെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍തനങ്ങള്‍ പാര്‍ട്ടി അണികളും ചോദ്യം ചെയ്തു തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഒന്നാം സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നപ്പോഴും കിറ്റും പെന്‍ഷനും കൃത്യമായി നല്‍കി വിജയം കൈവരിച്ച പിണറായി പാർട്ടിക്കുള്ളിൽ സർവ്വശക്തനായി മാറിയിരുന്നു. എന്നാൽ ഈ അപ്രമാദിത്വത്തിന് കോട്ടം സംഭവിക്കുകയാണ്. പെൻഷൻ പ്രായം ഉയർത്തിയ വിഷയത്തിൽ സർക്കാരിനെ പൂർണമായി തള്ളി കൊണ്ടാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നത് ഇതിന്റെ കൃത്യമായ സൂചനയാണ്. പിന്നാലെ സർക്കാരിന് തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടി വന്നു.

പിണറായി പാർട്ടിക്ക് ബാധ്യതയാകുന്നു

പിണറായി എന്ന നെടുംതൂണ് സിപിഎമ്മിന് ബാധ്യതയാകുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. ഗവർണർ മുഖ്യമന്ത്രി പോര്, സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ സംശയ നിഴലിലായത്, ഭാര്യയും മകളെയും കൂട്ടിയുള്ള യൂറോപ്യൻ പര്യടനം, മന്ത്രിയെന്ന നിലയിലുള്ള മരുമകൻ മുഹമ്മദ് റിയാസിന്റെ മോശം പ്രകടനം എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് തന്നെ മുഖ്യമന്ത്രി സിപിഎമ്മിന് ഒരു ബാധ്യതയായി മാറിയിരിക്കുന്നു.

ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പോലീസ് സേനയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു എന്നും പാർട്ടിക്കാർക്ക് പോലും പോലീസിൽനിന്ന് തിക്താനുഭവങ്ങൾ ഉണ്ടാകുന്നു എന്നും പാർട്ടിക്കുള്ളിൽ വിമർശനം ഉണ്ട്. കോവിഡ് കാലത്ത് പി പി ഇ കിറ്റുകൾ വാങ്ങിയതിലുള്ള അഴിമതിക്ക് പിന്നിലും മുഖ്യമന്ത്രിയാണ് ആരോപണ വിധേയനാകുന്നത്. അതുപോലെ തന്നെ ആഡംബര വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മുതൽ കൂട്ടിയതും, 20ൽ അധികം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള മുഖ്യമന്ത്രിയുടെ യാത്രയും കമ്മ്യൂണിസ്റ്റ് ശൈലിക്ക് വിരുദ്ധം ആയിട്ടുള്ളതാണെന്ന് വിമർശനവും പാർട്ടി സമ്മേളനങ്ങളുടെ കാലത്തുൾപ്പെടെ ഉയർന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക