തൊട്ടുത്ത് കുറ്റകൃത്യം നടന്നാല്‍ പോലും അറിയാത്ത അവസ്ഥയാണിപ്പോള്‍. തൊട്ടടുത്ത് വീടുകള്‍ ഉണ്ടെങ്കിലും അവിടെ ആരാണ് ഉള്ളത് എന്താണ് സംഭവിക്കുന്നത് എന്നൊന്നും നമുക്കറിയില്ല. സ്വകാര്യതയുടെ ഭാഗമായാണ് എല്ലാവരും ഇതിനെ കാണുന്നത്. അതുകൊണ്ട് മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയാത്ത അവസ്ഥയാണ്. ഫ്ളാറ്റുകളിലൊക്കെയാണെങ്കില്‍ തൊട്ടടുത്ത് താമസിക്കുന്ന ആളുകളുടെ പേര് പോലും അറിയാത്ത അവസ്ഥയാണ്.

എന്നാല്‍ ഇനി ഇക്കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവും. റെസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച്‌ പൊലീസ് നേതൃത്വത്തില്‍ ‘വാച്ച്‌ യുവര്‍ നെയ്ബര്‍’ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഡി.ജി.പി അനില്‍കാന്ത് ആണ് ഇക്കാര്യം പറഞ്ഞത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇത് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നമ്മുടെ അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അത് പൊലീസിനെ അറിയിക്കണം. ജനമൈത്രി പൊലീസി‍െന്‍റ ഭാഗമായാണ് ‘വാച്ച്‌ യുവര്‍ നെയ്ബര്‍’ പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ റെസി. അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത് ഡി.ജി.പി പറഞ്ഞത്. ഇതിന്‍റ വിശദാംശങ്ങള്‍ തയാറാക്കി വരികയാണെന്നും ഉടന്‍ തന്നെ പ്രായോഗികമാക്കുമെന്നും പറഞ്ഞു.

സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ആന്‍റി നാര്‍കോട്ടിക് സെല്ലി‍െന്‍റ ബോധവത്കരണ പരിപാടികള്‍ റെസിഡന്റ്സ്. അസോസിയേഷനുകളില്‍ കൂടി വ്യാപിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുന്നവര്‍ അതില്‍ ഒരെണ്ണം റോഡിലെ കാഴ്ചകള്‍ പതിയുംവിധം സ്ഥാപിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും എന്നും ഡി.ജി.പി പറഞ്ഞു.

സീനിയര്‍ സിറ്റിസണ്‍സി‍െന്‍റ ക്ഷേമം ഉറപ്പാക്കുന്നതിനും പൊലീസ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പൊലീസുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും 112 എന്ന ഹെല്‍പ് ലൈനില്‍ വിളിച്ചാല്‍ ഏഴുമിനിറ്റിനകം പ്രതികരണം ഉണ്ടാകും വിധം സംവിധാനം ഒരുക്കി. 2021 റെഗുലേഷന്‍ ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് റെസി. അസോസിയേഷന്‍ ബില്‍ ഭേദഗതി ചെയ്ത് എല്ലായിടത്തും റെസിഡന്റ്സ് അസോസിയേഷനുകള്‍ രൂപവത്കരിക്കുന്നത് ഉറപ്പാക്കുകയും അസോസിയേഷൻ പരിധിയിലെ താമസക്കാരെല്ലാം അതില്‍ അംഗമായിരിക്കണം എന്ന നിബന്ധന കൊണ്ടുവരികയും വേണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നു.

സിറ്റി പൊലീസ്‌ കമീഷണര്‍ സി.എച്ച്‌. നാഗരാജു, ഡി.സി.പി എസ്‌. ശശിധരന്‍, എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍, മട്ടാഞ്ചേരി എ.സി.പി അരുണ്‍ കെ.പവിത്രന്‍, ഡി.സി.പി അഡ്‌മിന്‍ ബിജു ഭാസ്‌കര്‍, കമാന്‍ഡന്‍റ് എസ്‌. സുരേഷ്‌, വിവിധ റെസി. അസോസിയേഷനുകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക