അധ്യയന വര്‍ഷത്തിന്റെ പകുതിയോടെ വിദ്യാര്‍ത്ഥികള്‍ കോഴ്സ് ഉപേക്ഷിച്ച്‌ പോകുന്ന പ്രവണത തുടരുന്നത് സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് വെല്ലുവിളിയാകുന്നു. മുന്‍നിര കോളേജുകളില്‍ ഉള്‍പ്പടെ രണ്ടില്‍ ഒന്ന് എഞ്ചിനീയറിങ് സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് വൈകിയതാണ് ഇത്തവണ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് തിരിച്ചടിയായത്.

2017-18 മുതല്‍ എല്ലാ അധ്യയന വര്‍ഷത്തിലും സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളില്‍ 40 ശതമാനം മുതല്‍ 50 ശതമാനം വരെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ പല വിദ്യാര്‍ത്ഥികളും മെഡിക്കള്‍ പ്രവേശന പരീക്ഷയിലും ഉന്നത റാങ്ക് നേടിയവരായിരിക്കും. ആദ്യം അലോട്മെന്റ് നടക്കുന്ന എഞ്ചിനീയങ് കോളേജുകളില്‍ പ്രവേശനം നേടുന്ന ഇവരില്‍ പലരും മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുന്നതോടെ കോഴ്സ് ഉപേക്ഷിച്ച്‌ പോകുന്നു. എന്നാല്‍, ഇത്തരം സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അതേ കോളേജിലെ മറ്റൊരു കോഴിസുള്ള വിദ്യാര്‍ത്ഥിക്ക് അത്ര എളുപ്പത്തില്‍ അത് സാധ്യമാവില്ല, പല തടസ്സങ്ങളും നേരിടേണ്ടി വരും. അതിനാല്‍, ഫലത്തില്‍, ഒഴിഞ്ഞുകിടക്കുന്ന മിക്ക സീറ്റുകളും പിന്നീട് നികത്തപ്പെടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന നടപടികളും മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റും തമ്മില്‍ ഏകോപനം ഇല്ലാത്തതാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ പ്രധാന കാരണം.ഈ പ്രശ്നം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ പലതവണ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരം ആയിട്ടില്ല.ഉദാഹരണത്തിന്, കേരളത്തിലെ പ്രമുഖ കോളേജുകളിലൊന്നായ തിരുവനന്തപുരത്തെ എഞ്ചിനീയറിങ് കോളേജില്‍ (സിഇടി) വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം നേടി പോയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 125 സീറ്റുകള്‍ ആണ് ഒഴിഞ്ഞുകിടന്നത്. ഈ വര്‍ഷം, ആദ്യ ഘട്ട നീറ്റ് അലോട്ട്‌മെന്റിന് ശേഷം 25ലധികം സീറ്റുകള്‍ ആണ് ഒഴിഞ്ഞുകിടക്കുന്നത്.

“കഴിഞ്ഞ വര്‍ഷത്തെ പ്രവണതകള്‍ അനുസരിച്ച്‌, കമ്ബ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഉള്‍പ്പടെ ആവശ്യക്കാര്‍ ഏറെയുള്ള കോഴ്സുകളില്‍ പോലും ഇത്തവണ കുറഞ്ഞത് 150 സീറ്റുകളെങ്കിലും ഒഴിഞ്ഞു കിടന്നേക്കാം” ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകള്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകള്‍ നികത്താന്‍ ബുദ്ധിമുട്ടുകയാണ്. 2017-18, 2018-19 അധ്യയന വര്‍‌ഷങ്ങളിലെ യഥാക്രമം 55310, 50051 സീറ്റുകളില്‍ 51 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2019-20ല്‍ 44 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. 2020-21 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള സീറ്റുകളുടെ എണ്ണം 39 ശതമാനം ആയി കുറഞ്ഞെങ്കിലും 2021-22 അധ്യന വര്‍ഷത്തില്‍ ഇത് വീണ്ടും 41 ശതമാനമായി ഉയര്‍ന്നു. 2017-18 അധ്യയന വര്‍ഷത്തിനും 2020-21 അധ്യയന വര്‍ഷത്തിനും ഇടയില്‍ അംഗീകൃത പ്രവേശനത്തിലും കുറവുണ്ടായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക