കോട്ടയം: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുൻ‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതിനെതുടർന്ന് ഭാരത് ജോഡോ യാത്രയിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ വീണ്ടും ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേർന്നു. വിദേശത്തേക്ക് പോകുംവരെ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കണം എന്ന് വ്യക്തമാക്കി തന്നെ പിതാവ് തിരിച്ചയച്ചെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക് കുറിപ്പ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപ്പായുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ഞാൻ ഭാരത് ജോഡോ യാത്രയിലെത്തി. അപ്പ ഇങ്ങനെയാണ്. വിദഗ്ധ ചികിത്സയ്ക്കായി ഈ ആഴ്ച വിദേശത്തേക്ക് അദ്ദേഹത്തിന് പോകണം. അതുവരെയും കൂടെ നിൽക്കുകയും വിദേശത്തേക്ക് അപ്പായെ അനുഗമിക്കുകയും ചെയ്യുക എന്നുള്ളത് മകനെന്ന നിലയിൽ എന്റെ കടമയാണ്. പക്ഷേ, അപ്പായുടെ പിടിവാശി വിദേശത്തേക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറരുത് എന്നുള്ളതാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ചില നവമാധ്യമ വാർത്തകൾ എന്നെ മാനസികമായി തളർത്തിയിരുന്നു. അതിനും അപ്പായ്ക്ക് ഒറ്റ മറുപടിയെ എന്നോട് പറയാനുണ്ടായിരുന്നുള്ളൂ. മനസ്സിനെ തളർത്താൻ പലരും പല വഴികളിലും ശ്രമിക്കും. തളർന്നാൽ നമ്മൾ കഴിവില്ലാത്തവനാണ് എന്ന് കരുതണം. പിന്നെ സ്ഥിരമായ അപ്പായുടെ ശൈലിയും. മനസാക്ഷിയുടെ കോടതിയിൽ നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാൽ മതി. അപ്പ ഏതൊക്കെ വിഷയത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ശരിയെന്ന് കാലവും തെളിയിച്ചിട്ടുണ്ട്.

കുടുംബത്തിനെതിരെ ഇപ്പോൾ വന്ന ആരോപണങ്ങൾക്കെതിരെ നിയമനടപടികൾ തേടണം എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ മനസാക്ഷിയുടെ കോടതിയിൽ തീരുമാനം ദൈവത്തിന് തന്നെ വിടുന്നതാണ് നല്ലത് എന്നാണ് വിധിച്ചതും. നാടിന് അദ്ദേഹം ഉമ്മൻ ചാണ്ടിയാണെങ്കിൽ എനിക്ക് അത് എന്റെ അപ്പയാണ്. അപ്പ പറഞ്ഞ ഒരു കാര്യങ്ങളും ഞാൻ ഇന്നേവരെ അനുസരിക്കാതിരുന്നിട്ടില്ല. അതുകൊണ്ടാണ് എന്റെ മനസ്സ് അവിടെ നിർത്തിക്കൊണ്ട് ഞാൻ ഇന്ന് യാത്രയുടെ ഭാഗമാകുന്നതും.

അപ്പായുടെ ചെറിയ ശാരീരിക ബുദ്ധിമുട്ടിനെ സ്വന്ത കൂടപ്പിറപ്പിന്റെ ബുദ്ധിമുട്ടുകളെപ്പോലെ കണ്ട് ഓടിവന്നവരും, ഫോണിൽ നിരന്തരം ബന്ധപ്പെട്ടവരും, സുമനസ്സുകളുടെ ആശങ്ക പരിഹരിക്കാൻ വാർത്തകൾ നൽകിയ മാധ്യമ സുഹൃത്തുക്കളും ഞങ്ങൾ അറിയാതെ അപ്പയ്ക്കായ് പ്രാർഥിച്ചവരും മനസ്സുകൊണ്ട് പ്രാർഥനയിൽ മുഴുകിയവരും അങ്ങനെ എത്രയോ പേർ. എല്ലാപേരോടും കടപ്പാടുകൾ മാത്രം. ഈ വിഷയത്തെപ്പോലും നവമാധ്യമങ്ങളിലൂടെ സ്വന്തം പബ്ലിസിറ്റിക്കായി ഉപയോഗിച്ചവരോട് പരിഭവങ്ങളില്ല. അതുകണ്ട് സന്തോഷിച്ചവരോട് പരാതികളില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക