പച്ചക്കറിത്തട്ടില്‍ വിലയുടെ കാര്യത്തില്‍ ഒരു മത്സരം തന്നെയുണ്ട്. അടുക്കളയിലെ പ്രധാന താരങ്ങളായ പച്ചക്കറികളെയാണ് വിലക്കയറ്റം വല്ലാതെ ബാധിച്ചിരിക്കുന്നത്. ഒരു കിലോ കാരറ്റ് കൈയ്യില്‍ കിട്ടണമെങ്കില്‍ ഇന്ന് രൂപ ഏതാണ്ട് 96 കൊടുക്കണം. സെഞ്ച്വറിയടിക്കാനുളള തിടുക്കത്തിലാണ് ഇപ്പോള്‍ കാരറ്റ്. ഇതിന് പുറമെ നാടന്‍ പയര്‍, മുരിങ്ങക്കായ, മാങ്ങ, എന്നിവയും കാരറ്റിന് തൊട്ടുപുറകെ തന്നെയുണ്ട്. 90നോടടുത്തും അത് കവിഞ്ഞും എത്തി നില്‍ക്കുകയാണിവയെല്ലാം. മലയാളികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

പേര് ചെറിയ ഉളളി എന്നാണെങ്കിലും വിലയുടെ കാര്യത്തില്‍ ഒട്ടും ചെറുതല്ല ഈ ഉളളി. 90 രൂപയോളമാണ് ചുവന്നുള്ളിയുടെ വില. എന്നാല്‍ പച്ചക്കറി വിപണിയിലെ ഈ വിലക്കയറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ചെറിയ ഉളളിയുടെയും മുരിങ്ങക്കായയുടേയും വില 90 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ഒട്ടും വിട്ട് കൊടുക്കാതെ 20 ശതമാനം വിലക്കയറ്റവുമായി മറ്റ് പച്ചക്കറികളും പിന്നാലെയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പച്ചക്കറിക്കടയിലെ വിലവിവരപ്പട്ടികയില്‍ 30 മുതല്‍ 40 രൂപ വരെ ബീന്‍സ് വില കുതിച്ച്‌ കയറി. കുറച്ച്‌ ദിവസങ്ങളായി സവാളയുടെയും കിഴങ്ങിന്റെയും വിലവര്‍ദ്ധന വിപണിയില്‍ മാറ്റമില്ലാതെ തുടരുകയാണ്. കിഴങ്ങിനിപ്പോള്‍ 35 മുതല്‍ 45 രൂപ വരെയാണ് വില. എന്നാല്‍ 35 രൂപയ്ക്കും 45 രൂപയ്ക്കും ലഭിക്കും എന്നതാണ് ഇപ്പോള്‍ കിഴങ്ങിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകത. അതായത് ഗുജറാത്ത് കിഴങ്ങിന് 35 രൂപയും ഊട്ടി കിഴങ്ങിന് 45 ഉം. എന്നാല്‍ 50 രൂപയില്‍ നിന്ന് 25 രൂപയായി കുറഞ്ഞ് ജനമനസില്‍ ഇടം പിടിച്ചിരിക്കുകയാണ് തക്കാളി. ചുരുക്കി പറഞ്ഞാല്‍ തക്കാളി മാത്രമാണിപ്പോള്‍ കൈ പൊളളാതെ വാങ്ങാന്‍ കഴിയുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കാലം തെറ്റി മഴപെയ്യുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. പ്രതീക്ഷിക്കാത്ത സമയത്ത് മഴ പെയ്യുന്നതിനാല്‍ വിളകളിലെ പൂവ് നഷ്ടപ്പെടുന്നു. ഇത് പച്ചക്കറിയുടെ ഉത്പാദനത്തെ ബാധിക്കുന്നു. ഇത്തരത്തില്‍ ഉത്പാദനം കുറയുന്നതിലൂടെ ലഭ്യത കുറവും രൂക്ഷമാകുന്നു. ഇതെല്ലാമാണ് വിലക്കയറ്റത്തിന്റെ കാരണമായി കച്ചവടക്കാര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക