ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വിതരണം വിതരണക്കാര്‍ വെട്ടിക്കുറച്ചതിനാല്‍ വരുന്ന ആഴ്ചകളില്‍ കേരളം മദ്യക്ഷാമം നേരിട്ടേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ വിതരണം ഇതിനകം തന്നെ കുറഞ്ഞെന്നും മറ്റുള്ളവയ്ക്കും ഉടന്‍ ക്ഷാമം നേരിടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിസന്ധി ഒഴിവാക്കാന്‍ വില കൂട്ടുകയോ നികുതി ഇളവുകള്‍ നല്‍കുകയോ പോലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില കൂടിയിരുന്നു. അതിനാല്‍ മദ്യത്തിന്റെ വിലയും കൂട്ടണമെന്നാണ് വിതരണക്കാര്‍ പറയുന്നത്. കരിമ്ബില്‍ നിന്നോ ധാന്യങ്ങളില്‍ നിന്നോ ആണ് എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കുന്നത്. സമീപ മാസങ്ങളില്‍ ഇതിന് നാല്‍പതു ശതമാനം വില വര്‍ധനയുണ്ടായതായി വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. വിതരണക്കാരുടെ പ്രതിനിധികള്‍ എക്സൈസ് മന്ത്രി എം ബി രാജേഷുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. സംഭരണവില വര്‍ധിപ്പിക്കുകയോ നികുതിയിളവ് നല്‍കുകയോ പോലുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇഎന്‍എ വിലക്കയറ്റം മൂലം മദ്യവ്യവസായം പ്രതിസന്ധി നേരിടുകയാണെന്നും ഭൂരിഭാഗം വിതരണക്കാരും ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ആലോചിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”വിതരണക്കാര്‍ നികുതിയിളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നുകില്‍ വില വര്‍ദ്ധിപ്പിക്കുക അല്ലെങ്കില്‍ നികുതിയളവ് നല്‍കുക എന്നതാണ് അവരുടെ ആവശ്യം. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ട്. എത്രയും വേഗം തീരുമാനം എടുക്കും”, മന്ത്രി എം ബി രാജേഷ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെ, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരുമായി ഇതു സംബന്ധിച്ച കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ നികുതിയിളവ് നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക