ന്യൂഡൽഹി: കോൺഗ്രസിനെ ഇനി കർണാടകയിൽ നിന്നുള്ള ദലിത് നേതാവ് മല്ലികാർജുൻ ഖർഗെ നയിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്ഥാനാർഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. അതേസമയം, കോൺഗ്രസ് ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല. രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്.

നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി. മറ്റൊരു രീതിയിൽ പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ ഖർഗെ വിജയിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയം കീഴടക്കിയത് ശശി തരൂർ തന്നെയാണ്. ഒരുപക്ഷേ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുന്നു നിഷ്പക്ഷത യഥാർത്ഥത്തിൽ വന്നിരുന്നെങ്കിൽ ശശി തരൂർ വിജയിച്ചു വരുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുതിർന്ന നേതാക്കളും അവരുടെ ഉപജാപ സംഘങ്ങളും നിരന്തര പരിശ്രമങ്ങൾ നടത്തിയിട്ടും ശശി തരൂർ ആയിരത്തിലധികം വോട്ട് നേടിയത് കോൺഗ്രസ് നേതൃത്വത്തിനുള്ള വ്യക്തമായ സന്ദേശമാണ്. മാറ്റത്തിന് തയ്യാറായില്ല എങ്കിൽ കോൺഗ്രസ് താറുമാറാകും എന്ന കൃത്യമായ സന്ദേശം. കേരളത്തിൽ നിന്ന് ഭൂരിപക്ഷം വോട്ടുകൾ തരൂർ നേടി എന്ന് വേണമെങ്കിൽ വിലയിരുത്താം. കാരണം ആയിരം വോട്ടുകൾ ഇന്ത്യയൊട്ടാകെ നേടുമ്പോൾ കേരളത്തിൽനിന്ന് ന്യായമായും നല്ല ഒരു പങ്ക് വോട്ട് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവണം. അങ്ങനെയെങ്കിൽ രമേശ് ചെന്നിത്തലയെയും, ഉമ്മൻചാണ്ടിയെയും വിഡി സതീശനെയും തള്ളി പാർട്ടിയുടെ നന്മ ആഗ്രഹിക്കുന്ന ആളുകൾ തരൂരിന് അനുകൂലമായി വോട്ട് ചെയ്തു എന്ന് വിലയിരുത്താം.

തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടു നടന്നതായി ആരോപിച്ച് തരൂർ പക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്ന് ബാലറ്റ് പെട്ടികൾ കൊണ്ടുപോയതിൽ ഉൾപ്പെടെ തരൂർ പക്ഷം പരാതി നൽകി. വ്യാപക ക്രമക്കേടു നടന്ന ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകൾ മാത്രം മറ്റു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തിയിരുന്നില്ല. യുപിക്കു പുറമെ പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് തരൂർ പക്ഷത്തിന്റെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക