വയനാട് ക്യാമ്ബിനുശേഷവും ഉണരാതെ ആലസ്യത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലെ ഗംഭീര വിജയത്തിനു കാരണം നേതാക്കള്‍ക്കിടയിലെ ഐക്യമാണെന്ന് തിരിച്ചറി‍ഞ്ഞിട്ടും പരസ്പരം പാര വയ്ക്കുന്നതില്‍ മല്‍സരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. പുനസംഘടനയ്ക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതുപ്രകാരമുള്ള തുടര്‍ ചര്‍ച്ചകള്‍ മന്ദഗതിയില്‍ തന്നെ. ഗ്രൂപ്പുകളൊക്കെ അപ്രസക്തമായെങ്കിലും അവശിഷ്ട ഗ്രൂപ്പുകള്‍ പഴയ സമവാക്യങ്ങള്‍ പറഞ്ഞ് വിലപേശലിലാണ്.

രാജ്യത്തൊരു സംസ്ഥാനത്തും കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ഒറ്റ നേതാവില്ലാതെ ഒരു തെരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല. കാരണം കേന്ദ്രത്തില്‍ ജനം വോട്ട് ചെയ്തത് നരേന്ദ്ര മോദി എന്ന നേതാവിനാണ്. ബംഗാളില്‍ മമതയ്ക്കും, ആന്ധ്രയില്‍ ജഗനും, ഒറീസയില്‍ ബിജുവിനും, തമിഴകത്ത് സ്റ്റാലിനും, കേരളത്തില്‍ പിണറായിക്കും ജനം വോട്ട് നല്‍കി. ആ തെരഞ്ഞെടുപ്പുകള്‍ നടക്കുമ്ബോള്‍ അവരായിരുന്നു അവിടങ്ങളില്‍ തിളങ്ങിനിന്ന നേതാക്കള്‍. 2014 നു ശേഷം ആദ്യമായി ഈ പാറ്റേണിൽ മാറ്റം ഉണ്ടായത് കര്‍ണാടകയിലാണ്. അത് രണ്ടു പേരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഉണ്ടായ വിജയമാണ്. അവരാദ്യം കോണ്‍ഗ്രസ് ജയിക്കട്ടെ, പിന്നെയല്ലേ മുഖ്യമന്ത്രിയുടെ കാര്യം എന്നാണ് ചിന്തിച്ചത്. അതുതന്നെ അവര്‍ നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഓരോരുത്തരുടെയും ചിന്ത ‘എന്നെ’ മുഖ്യമന്ത്രിയാക്കിയാല്‍ ഭരണം പിടിക്കാം, അല്ലെങ്കില്‍ വേണ്ടെന്നതാണ്. അങ്ങനെയാണെങ്കിലേ ആ നേതാവും പാര്‍ട്ടിയും പണം മുടക്കുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്യൂ. മറ്റവന് മുഖ്യമന്ത്രിയാകാന്‍ ഞാനെന്തിന് മിനക്കെടുന്നു എന്നതാണ് ചോദ്യം. ‘കോണ്‍ഗ്രസ്’ എന്ന ചിന്ത ഏഴയലത്ത് പോലുമില്ല.

കേരത്തില്‍ ഒരറ്റത്ത് പിണറായി ആണെങ്കില്‍ മറ്റേ അറ്റത്ത് ആരുണ്ട് ? തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരും ഹൈക്കമാന്‍റും നിശ്ചയിക്കും എന്നു പറഞ്ഞാല്‍ പിന്നെയും പ്രതിപക്ഷത്തിരിക്കും എന്നതാണ് യാഥാർത്ഥ്യം. ആദ്യം പിണറായിക്കു മുകളില്‍ ഒരു നേതാവിനെ കണ്ടെത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയണം. അയാള്‍ പിണറായിക്കൊത്ത എതിരാളിയാകണം. ‘അത് ഞാനാണ്’ എന്ന് ഇവര്‍ ഓരോരുത്തരും പറഞ്ഞതുകൊണ്ട് കാര്യം നടക്കില്ല. ജനത്തിനുകൂടി അംഗീകരിക്കാന്‍ കഴിയുന്ന ആളാകണം.

അങ്ങനൊരാളെ ആദ്യം കണ്ടെത്തണം, പിന്നെ അദ്ദേഹത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയണം. തെരഞ്ഞെടപ്പിന് പൊതുജനം അംഗീകരിക്കുന്ന നയങ്ങള്‍ പറഞ്ഞ് തന്ത്രങ്ങളുമൊരുക്കണം. അതില്ലാതെ കോണ്‍ഗ്രസിന് കേരളത്തിലൊരു മടങ്ങിവരവ് അസാധ്യം. അത് മനസിലാകാത്തതും ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രമാണ്. യഥാർത്ഥത്തിൽ പിണറായിയെ കടത്തിവെട്ടാൻ കേരളത്തിലെ കോൺഗ്രസിന് ഏറ്റവും നല്ല മുഖം ശശി തരൂരാണ്. എന്നാൽ ഭരണം കിട്ടിയില്ലെങ്കിലും വേണ്ട തരൂരിനെ അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വച്ചുപുലർത്തുന്നത്. പൊതുസമൂഹത്തിൽ ശശി തരൂരിനുള്ള സ്വീകാര്യത തന്നെയാണ് ഇവരെ അലസോരപ്പെടുത്തുന്നത്. കേരളം ഒരിക്കൽ കൂടി നഷ്ടപ്പെട്ടാൽ പിന്നെ പാർട്ടിക്ക് ഒരു തിരിച്ചുവരവില്ല എന്നതൊന്നും ഇവർക്ക് ഒരു വിഷയമേയല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക