സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ ഇന്നലെയാണു പുറത്തിറങ്ങിയത്. ശിവശങ്കറുമായുള്ള അടുപ്പം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ‘പാര്‍വതി എസ്’ എന്ന് കയ്യില്‍ പച്ചകുത്തിയതിന്റെ ചിത്രവും പുടവയും താലിയും ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ചെന്നൈ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടിയെന്നു പുസ്തകത്തില്‍ അവകാശപ്പെടുന്നു. ‘ശിവശങ്കറിന്റെ പാര്‍വതി’യായിരുന്നു താന്‍ എന്ന് എഴുതുന്ന സ്വപ്ന അതിന്റെ തെളിവായാണു ‘പാര്‍വതി’ എന്നു പച്ചകുത്തിയതിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പിറന്നാള്‍ ആഘോഷത്തിലും കാന്‍ഡില്‍ ലൈറ്റ് ഡിന്നറിലും ശിവശങ്കര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ഉണ്ട്. കേസിലെ മറ്റൊരു പ്രതി സരിത്തുമായുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതേസമയം, പ്രസാധകരായ തൃശൂര്‍ കറന്റ് ബുക്സിന്റെ സ്റ്റാളുകളില്‍ ഇന്നലെ പൊലീസ് രഹസ്യാന്വേഷണ സംഘം എത്തിയതായും വിവരമുണ്ട്.
പുസ്തകം വിപണിയില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ കോപ്പിയും വിറ്റു തീര്‍ന്നെന്നാണ് പ്രസാധകരായ കറന്റ് ബുക്‌സ് അധികൃതര്‍ പറയുന്നത്. രണ്ടാംപതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിലവില്‍ കറന്റ് ബുക്‌സ്. ‘ചതിയുടെ പത്മവ്യൂഹ’ത്തിന്റെ അയ്യായിരം കോപ്പിയാണ് ആദ്യഘട്ടത്തില്‍ വിപണയില്‍ എത്തിച്ചത്. ഇത് മുഴുവനും ഇതിനോടകം തന്നെ വിറ്റ് പോയി.. ഇതിനിടെ പുസ്തകം സിനിമയാക്കാനുള്ള അവകാശത്തിനായി ചിലര്‍ സമീപിച്ചതായും പ്രസാധകര്‍ വ്യക്തമാക്കി.
ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സ്വപ്‌നയുടെ ആത്മകഥയില്‍ വിവരിച്ചിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും സ്വപ്‌ന സുരേഷ് പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കര്‍ തന്നെ വിവാഹം കഴിച്ചതായി നേരത്തെ സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇത് വ്യക്തമാക്കുന്ന വിവാഹ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകം അന്വേഷിച്ച് നിരവധി പേരാണ് കറന്റ് ബുക്‌സിനെ സമീപിക്കുന്നത്. പുസ്തകത്തിലെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രചരിച്ചതും ഡിമാന്റ് കൂട്ടി.