കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്‍റ് തീരുമാനം. അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടീസ് നല്‍കും. ഇതിനിടെ കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്‍കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എന്‍ഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച്‌ അന്വേഷണവുമായി പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കി.

അന്വേഷണത്തിന്‍റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച്‌ വരുത്തുക. കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കിയ 164 സ്റ്റേറ്റ്മെന്‍റില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങള്‍ക്ക് കൂടുതല്‍ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത ആഴ്ച സ്വപ്നയുടെ മൊഴി എടുക്കാന്‍ നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലില്‍ സ്വപ്ന സുരേഷ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് ഇഡി കരുതുന്നത്. ഇതോടൊപ്പം കസ്റ്റംസിന് സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ശേഖരിക്കാനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലുമാണിത്.

തിങ്കളാഴ്ച കോടതി ഈ അപേക്ഷ പരിഗണിക്കും. മൂന്ന് ദിവസമെടുത്ത് കോടതി രേഖപ്പെടുത്തിയ ഈ 164-ല്‍ ഉള്ള വിവരങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കസ്റ്റംസ് കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഇനി മൊഴി നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ക്കില്ലെന്നാണ് ഇഡി കരുതുന്നത്. നേരത്തെ നല്‍കിയ പല വിവരങ്ങളും കസ്റ്റംസ് അന്വേഷിച്ചില്ലെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ കൂടി ഉള്ള പശ്ചാത്തലത്തിലാണ് പഴയ മൊഴികള്‍ക്കായുള്ള നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക