തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. ഇരുവരും തമ്മിലുള്ള ബന്ധം അധ്യാപിക അവസാനിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് 17കാരന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയത്.
ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അമ്ബട്ടൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത്. ഒരു മാസം മുന്‍പാണ് 17കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ ശേഷമായിരുന്നു മരണം. മകന്റെ മരണത്തില്‍ അമ്മ സംശയം പ്രകടിപ്പിച്ചിരുന്നു. മറ്റു ചില കാരണങ്ങള്‍ കൊണ്ടാകാം കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു അമ്മയുടെ സംശയം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്.
കുട്ടിയുടെ ഫോണില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും തമ്മില്‍ അടുപ്പം ഉണ്ടായിരുന്നതായി പൊലീസ് തിരിച്ചറിഞ്ഞത്. മറ്റൊരാളുമായി കല്യാണം ഉറപ്പിച്ചതോടെ, അധ്യാപിക 17കാരനുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ് ആണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. പത്താം ക്ലാസ് മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി 17കാരനെ അധ്യാപിക ക്ലാസില്‍ പഠിപ്പിച്ചു വരികയായിരുന്നു. മറ്റു കുട്ടികള്‍ക്കൊപ്പം 17കാരന്‍ അധ്യാപികയുടെ വീട്ടില്‍ ഇടയ്ക്കിടെ പോകാറുണ്ട്. പഠനവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ തീര്‍ക്കാനായിരുന്നു സന്ദര്‍ശനം. അതിനിടെയാണ് ഇരുവരും തമ്മില്‍ അടുത്തതെന്നും പൊലീസ് പറയുന്നു.
മറ്റൊരാളുമായി കല്യാണം ഉറപ്പിച്ചതോടെ, ഒരുഘട്ടത്തില്‍ അധ്യാപിക 17കാരനുമായുള്ള ബന്ധം അവസാനിപ്പിച്ചു. അതേസമയം ബന്ധം തുടരണമെന്നതായിരുന്നു 17കാരന്റെ ആഗ്രഹം. ഇത് നടക്കാതെ വന്നതോടെ, മനോവിഷമത്തില്‍ 17കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.