കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെ പി സി സി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. തരൂര്‍ കെ പി സി സിയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവര്‍ത്തകരുടെ വലിയ നിര തന്നെ സ്വീകരണം നല്‍കി. തരൂരിനെ തോളിലേറ്റി മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. താഴെ തട്ടിലെ പ്രവര്‍ത്തകര്‍ ആണ് തരൂരിനെ ആവേശപൂര്‍വ്വം സ്വീകരിച്ചത്. കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണവും നടത്തിയ ശേഷമാണ് തരൂര്‍ മടങ്ങിയത്.

സ്വീകരിക്കാന്‍ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവര്‍ത്തകര്‍ ഉണ്ട്, അവരാണ് പാര്‍ട്ടിയുടെ ശക്തിയെന്നതും തരൂര്‍ ഓര്‍മ്മിപ്പിച്ചു. മാറ്റം വേണം എന്നാണ് രാജ്യത്തു നിന്നും കിട്ടുന്ന പ്രതികരണം. മുതിര്‍ന്ന നേതാക്കള്‍ ഇവിടെ പക്ഷം പിടിക്കുകയാണ്. പക്ഷെ നേതാക്കള്‍ പറയുന്നത് പ്രവര്‍ത്തകര്‍ കേള്‍ക്കും എന്ന് കരുതുന്നില്ലെന്നാണ് തനിക്ക് മനസിലാകുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടിന് ഒരേ വിലതന്നെയാണ്. മുതിര്‍ന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നെ ആണ് പ്രവര്‍ത്തകരുടെ വോട്ടിനും ഉണ്ടാകുക. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെ കാണിക്കുന്നത് ശരിയല്ലെന്നും തരൂര്‍ ചൂണ്ടികാട്ടി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://fb.watch/fX_UqvWgpa/

സാധാരണക്കാരാണ് രാജ്യം മുഴുവനും എന്നെ പിന്തുണയ്ക്കുന്നത്. അവര് പറയുന്നത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറരുതെന്നും പാര്‍ട്ടിയില്‍ മാറ്റം വേണമെന്നുമാണ്. ആ വിശ്വാസത്തെ ഞാന്‍ ഒരിക്കലും ചതിക്കില്ല’. ശശി തരൂര്‍ പറഞ്ഞു. ’22 വര്‍ഷമായി പാര്‍ട്ടിക്കകത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട്. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമുണ്ടാകണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുപോലെ തന്നെയാണ് രാഹുല്‍ ഗാന്ധിയും. അദ്ദേഹത്തിന്റെ അഭിപ്രായവും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. പാര്‍ട്ടിക്കുള്ളില്‍ ഞങ്ങളുടെ ഐഡിയോളജിയില്‍ ആര്‍ക്കും ഭിന്നാഭിപ്രായങ്ങളില്ല. ബിജെപിയെ നേരിടാനാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശ്രമിക്കുന്നത്.

ഉള്ള ചെറിയ സമയം കൊണ്ട്് എത്രത്തോളം കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും എന്നതിനാണ് ഇപ്പോള്‍ മുന്‍തൂക്കം. പിന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പറഞ്ഞത് ഞാനല്ലല്ലോ. അത് എഐസിസിയാണ് തീരുമാനിക്കുന്നത്. നിഷ്പക്ഷമായാണ് ഞങ്ങളെല്ലാം മത്സരിക്കുന്നത്. പാര്‍ട്ടി നന്നാകാന്‍ വേണ്ടി, പാര്‍ട്ടിക്ക് വേണ്ടിയാണ് ഞങ്ങള്‍ മത്സരിക്കുന്നത്. ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പക്ഷപാതമുണ്ടെന്നത് ശരിയാണ്. അവര്‍ പറയുന്നത് ജനങ്ങള്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ.മാത്രമല്ല, അത് ജനാധിപത്യ വിരുദ്ധവുമാണ്. മനസാക്ഷി നോക്കി എല്ലാവരും വോട്ട് ചെയ്യട്ടെ. പാര്‍ട്ടിക്കകത്ത് ശത്രുക്കളില്ല. ഓരോരുത്തര്‍ക്കും ഓരോ താതപര്യങ്ങളില്ലേ. മുതിര്‍ന്ന നേതാക്കളുടെ വോട്ട് പോലെ തന്നെ പ്രധാനപ്പെട്ടതാണ് സാധാരണ പ്രവര്‍ത്തകരുടെ വോട്ടും’. തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ത്ഥിയില്ലെന്നും താന്‍ മത്സരിക്കുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടും തങ്ങള്‍ക്കില്ലെന്ന് നെഹ്റു കുടുംബം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാകുന്നതിന് മുമ്ബ് താന്‍ രാഹുലിനേയും പ്രിയങ്കയേയും സോണിയ ഗാന്ധിയേയും കണ്ടിരുന്നു. മത്സരിക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് അറിയിച്ചു. ഒരു ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ല. അവര്‍ നിഷ്പക്ഷമായിട്ടാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതുകൊണ്ട് ധൈര്യത്തോടെ മത്സരിച്ചോളൂവെന്നും പറഞ്ഞു’ തരൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളായതിന് ശേഷവും നെഹ്റു കുടുംബം ഇതേ നിലപാടില്‍ തന്നെയാണ്. തിരഞ്ഞെടുപ്പ് അഥോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയോട് കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് പ്രഖ്യാപിക്കാനും സോണി ഗാന്ധി ആവശ്യപ്പെട്ടത് ഈ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവര്‍ പരസ്യ പ്രചാരണത്തിനിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അങ്ങനെ പ്രചാരണം നടത്തണമെങ്കില്‍ ഭാരവാഹിത്വം രാജിവെക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നതെന്നും ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തരൂര്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക