പനജി: സ്വത്ത് തട്ടിയെടുത്തെന്ന പരാതിയുമായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്. ഗോവയിലെ തന്റെ കുടുംബസ്വത്ത് അജ്ഞാതനായ ഒരാൾ തട്ടിയെടുത്തെന്നാണ് ഇദ്ദേ​ഹത്തിന്റെ പരാതി. സംഭവത്തിൽ ഗോവ പൊലീസിന്റെ പ്രത്യേക സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുകെ ആഭ്യന്തര സെക്രട്ടറി, ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാന്റെ പിതാവ് ക്രിസ്റ്റി ഫെർണാണ്ടസ് ആണ് പരാതി നൽകിയിരിക്കുന്നത്.

ഗോവയിൽ ആകെ 13,900 ചതുരശ്ര മീറ്റർ വരുന്ന രണ്ട് കുടുംബസ്വത്തുക്കളാണ് തട്ടിയെടുക്കപ്പെട്ടിരിക്കുന്നതെന്ന് ക്രിസ്റ്റി ഫെർണാണ്ടസ് പറയുന്നു. പവർ ഓഫ് അറ്റോർണിയുടെ പേരിൽ അജ്ഞാതനായ ഒരാളാണ് ഇവ തട്ടിയെടുത്തിരിക്കുന്നതെന്നും തന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്താണിതെന്നും പരാതിയിൽ ഫെർണാണ്ടസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെർണാണ്ടസ് വിവരം അറിഞ്ഞത് ഓഗസ്റ്റിലാണ്. പിന്നാലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഡിജിപി ജസ്പാൽ സിങ്, ഗോവ എൻആർഐ കമ്മിഷണറേറ്റ് എന്നിവർക്ക് ഇമെയിൽ വഴി പരാതി നൽകി. കഴിഞ്ഞയാഴ്ച പരാതി ലഭിച്ചെന്നും അതു ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഗോവ എൻആർഐ കമ്മിഷണർ നരേന്ദ്ര സവൈക്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു.

യുകെയിലെ ലിസ് ട്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ ആഭ്യന്തര സെക്രട്ടറി ആണ് സുവെല്ല ബ്രേവർമാൻ. ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഇതുവരെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ച 42-കാരിയായ കൺസർവേറ്റീവ് പാർട്ടി അംഗമാണ് ഇവർ.

ഭൂമി കയ്യേറ്റ കേസുകൾ അന്വേഷിക്കാൻ ഈ വർഷം ആദ്യം ഗോവ സർക്കാർ പൊലീസ്, റവന്യൂ, ആർക്കൈവ്സ് ആൻഡ് ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഗോവയിൽ ഇത്തരം നൂറിലധികം കേസുകൾ എസ്.ഐ.ടി അന്വേഷിക്കുന്നുമുണ്ട്. ആർക്കൈവ്സ് ആൻഡ് ആർക്കിയോളജി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരടക്കം 15ലധികം പേർ ഇതിനകം അറസ്റ്റിലായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക