കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാജ്യത്തെ എല്ലാ നിയമങ്ങളും ചൊല്‍പ്പടിക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഇതിന് കൂട്ടുനില്‍ക്കാത്തതാണ് ഗവര്‍ണറുമായുള്ള പ്രശ്‌നത്തിന് കാരണം. കൂട്ടുനിന്നപ്പോള്‍ ഗവര്‍ണര്‍ നല്ലപിള്ളയായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കെ സുധാകരന്‍ പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്രമന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെയും സുധാകരന്‍ വിമര്‍ശിച്ചു.

‘സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ യുദ്ധമെന്നത് ഇന്ത്യയില്‍ എവിടെയാണ് കേട്ടിട്ടുള്ളത്. ഇത്രയും നെറികെട്ട രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനം കേരളം മാത്രമാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ യുദ്ധം, ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ യുദ്ധം. ഗവര്‍ണര്‍ എന്ന സംസ്ഥാനത്തെ പരമാധികാരിയെ തന്റെ ചെല്‍പ്പടിക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും ശ്രമിക്കുന്നു. കൂട്ടുനില്‍ക്കാത്തതാണ് വിഷയം. കൂട്ടുനിന്നപ്പോള്‍ നല്ല പിള്ളയായിരുന്നു. മുഖ്യമന്ത്രി രാജ്യത്തെ എല്ലാ നിയമങ്ങളും അദ്ദേഹത്തിന്റെ ചൊല്‍പ്പടിക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ഭേദഗതികളിലൂടെ അവര്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ താല്‍പര്യം. അതിന് കൂട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും സാധിക്കില്ല’, കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വള്ളം കളിക്ക് വിളിക്കാന്‍ പിണറായിക്ക് നാണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ‘പിണറായിക്ക് അഭിമാന ബോധമില്ല, കാര്യം നടക്കാന്‍ പിണറായി വിജയന്‍ ആരുടെ കാലും പിടിക്കും ആരുടെ കാലും നക്കും. അമിത്ഷായെ വിളിച്ച പിണറായിയുടെ തൊലി കട്ടി സമ്മതിക്കണം. 30 തവണ ലാവ്‌ലിന്‍ കേസ് മാറ്റിയത് ആരെ സഹായിക്കാനാണ്. കേസ് മാറ്റി വെച്ചത് ആരുടെ പിന്തുണയോട് കൂടിയെന്ന് മനസിലായില്ലെ’, സുധാകന്‍ ചോദിച്ചു. എം വി ഗോവിന്ദന്‍ സിപിഐഎം സെക്രട്ടറിയായതില്‍ സന്തോഷമെന്നും, അദ്ദേഹം രാഷ്ട്രീയ എതിരാളിയാണ് രാഷ്ട്രീയ ശത്രുവല്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക