കോട്ടയം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിലപാടെടുത്ത കത്തോലിക്കാ സഭ വിഴിഞ്ഞം വിഷയത്തിലും സർക്കാരിനെതിരെ തിരിഞ്ഞതോടെ കേരളാ കോൺഗ്രസ് (എം)ന്റെയും ജനാധിപത്യ കേരള കോൺഗ്രസിന്റെയും നേതാക്കൾ കടുത്ത സമ്മർദ്ദത്തിൽ. ബഫർ സോണിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും മെല്ലെപ്പോക്ക് നടക്കുന്നതായി സഭ വിമർശിച്ചു.

ബഫർ സോൺ വിഷയത്തിൽ കേരള കാത്തലിക് ബിഷപ്പ് കൗൺസിലും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നായിരുന്നു കെസിബിസിയുടെ നിലപാട്. കോടതിയിൽ കർഷകരുടെ ഭാഗത്ത് നിന്ന് വാദിക്കാൻ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും കസ്തൂരിരംഗൻ വിഷയത്തിലും ഇതാണ് കണ്ടതെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേരത്തെ വിമർശിച്ചിരുന്നു. നിവേദനം നൽകിയ ശേഷവും ചില രൂപതകൾ പ്രതിഷേധവുമായി രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഫർ സോണിനെതിരെ കേരള കോൺഗ്രസിന്റെ അടിസ്ഥാന വോട്ടായ കത്തോലിക്കാ സഭ ശക്തമായ പ്രതിഷേധത്തിലാണ്. ബഫർ സോൺ നടപ്പാക്കുന്നത് ബാധിച്ചേക്കാവുന്ന മലയോര ജില്ലകളിലാണ് കേരള കോൺഗ്രസ്(എം)ന്റെ വോട്ട് ബാങ്ക്. ഈ മേഖലയിലുണ്ടാകുന്ന ഏത് പ്രശ്‌നവും കേരള കോൺഗ്രസിനെയാണ് ബാധിക്കുന്നത്. ബിഷപ്പുമാരും വൈദികരും തന്നെ നേരിട്ട് പ്രതിഷേധിക്കുകയും മാണി ഗ്രൂപ്പിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.

മലയോരമേഖലയിൽ കേരള കോൺഗ്രസ് (എം) നേരിടുന്ന അതേ പ്രതിസന്ധിയാണ് വിഴിഞ്ഞം വിഷയത്തിൽ ജനാധിപത്യ കേരള കോൺഗ്രസും നേരിടുന്നത്. ലത്തീൻ സഭ ഒന്നടങ്കം വിഷയത്തിൽ സർക്കാരിനെതിരെ കടുത്ത സമരത്തിലാണ്. ജനാധിപത്യ കേരള കോൺഗ്രസിന് വേരോട്ടമുള്ള പ്രദേശങ്ങൾ ലത്തീൻ സഭയ്ക്ക് സ്വാധീനമുള്ള തീരപ്രദേശങ്ങളാണ്. ലത്തീൻ സഭ സമരം തുടങ്ങുകയും കെ.സി.ബി.സി. സമരത്തിനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യ്തതോടെ ജനാധിപത്യ കേരള കോൺഗ്രസ് നേതൃത്വവും കടുത്ത പ്രതിസന്ധിയിലായി. ഒരു മാസമായി ലത്തീൻ സഭ സമരം നടത്തുന്നുണ്ടെങ്കിലും സർക്കാർ സമരത്തെ ഗൗരവമായി എടുത്തിട്ടില്ല.

തീരദേശവാസികളുടെ പ്രശ്നങ്ങൾ അതീവഗുരുതരമാണെന്ന് കെ.സി.ബി.സി. പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരും. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കുക, മണ്ണെണ്ണ വിലയിൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് കെ.സി.ബി.സി. ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക