പാലാ: സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ നടപ്പാത കയ്യേറ്റത്തിന് പൊതുമരാമത്ത് വകുപ്പിൻ്റെയും പോലീസിൻ്റെയും ഒത്താശ. ഇതോടെ പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിനു മുന്നിലെ മീറ്ററു കണക്കിന് നടപ്പാത കാൽനടക്കാർക്കു അന്യമായി. ഈ ഭാഗത്തു കൂടിയുള്ള കാൽനടയാത്ര ഇപ്പോൾ പൊതുനിരത്തിലൂടെ ആക്കേണ്ട ഗതികേടിലായി സാധാരണക്കാർ.

ഈ ഭാഗത്ത് റോഡിനെ വേർതിരിച്ചു കൊണ്ട് സുരക്ഷിതമായ കാൽനടയ്ക്കായി റെയിലിംഗ് സ്ഥാപിച്ചിരുന്നത് വ്യാപാര സ്ഥാപനത്തിനു വേണ്ടി പൊതുമരാമത്ത് ഉദ്യോഗസ്ഥർ നീക്കിക്കൊടുക്കുകയായിരുന്നു. സാധാരണ നിലയിൽ ഒരു വാഹനം കയറാനും ഇറങ്ങാനുമുള്ള സൗകര്യമാണ് നൽകാറുള്ളത്. ഈ ഭാഗത്തു തന്നെയുള്ള പോൾസൺ ബേക്കറിക്കു മുന്നിലും ഈ നിലയിലാണ് സൗകര്യം ചെയ്തു നൽകിയിട്ടുള്ളത്. എന്നാൽ ഇവിടെ റെയിലിംഗുകൾ അപ്പാടെ മാറ്റി നൽകിയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വക ഒത്താശ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കെട്ടിട സമുച്ചയം പരമാവധി റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്നതിനാൽ അതിനു മുന്നിൽ ഒരു നിര വാഹനം പാർക്കു ചെയ്യണമെങ്കിൽ ഫുട്പാത്ത് കയ്യേറേണ്ട അവസ്ഥയിലാണ്. പാലാ പൊലീസ് സ്റ്റേഷൻ്റെ ഏതാനും വാര അകലെയാണ് നിരന്തര നടപ്പാത കയ്യേറ്റവും ഗതാഗതക്കുരുക്കും എങ്കിലും ഇതു കണ്ടിട്ടും കാണാത്ത പോലെയാണ് ഇതുവഴി പൊലീസ് വാഹനങ്ങൾ കടന്നു ദിവസവും പലവട്ടം കടന്നു പോകുന്നത്.

സാധാരണക്കാർ ആരെങ്കിലും അത്യാവശ്യത്തിനു എവിടെയെങ്കിലും പാർക്കു ചെയ്താൽ പെറ്റി അടിക്കാൻ പാഞ്ഞു വരുന്ന പൊലീസ് ഈ അനധികൃത കയ്യേറ്റത്തിന് ഒത്താശ ചെയ്യുകയാണ്. ഈ ഭാഗത്തെ ഗതാഗത നിയന്ത്രണം പലപ്പോഴും ഈ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പാലാ നഗരസഭയിലെ ഒരു കൗൺസിലർ ആണ് സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ സപ്ലൈ ചെയ്യുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

പൊതുമരാമത്തും പൊലീസും ഏകമനസ്സോടെ ഒത്താശ തുടരുന്നതിനാൽ ഈ ഭാഗത്തു കൂടി സ്കൂൾ സമയങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളും മറ്റു കാൽ നടക്കാരും വലയുകയാണ്. ഇതോടൊപ്പം ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് നഗരത്തെ ഒട്ടാകെ ബാധിക്കുന്ന നിലയിലേക്കും മാറിക്കഴിഞ്ഞു. ഓണസീസണിൽ പാലായിൽ ഗതാഗതക്കരുക്കു ഉറപ്പാക്കും വിധമാണ് നടപടികൾ.

വർഷങ്ങളായി ഈ ഭാഗത്തെ ഓട ഈ കെട്ടിടം പണിയുടെ ഭാഗമായി അടിഞ്ഞ മണ്ണ് മൂലം തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. ഇതുമൂലം മഴ പെയ്താലുടൻ ഈ ഭാഗത്ത് വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു. ഇങ്ങനെയുള്ള സമയത്ത് യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് ഇപ്പോൾ വ്യാപാര സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് അതിനു മുന്നിലെ ഭാഗം ശരിയാക്കി നൽകി വിധേയത്വം കാട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക