തൃശൂര്‍: 6 മണിക്കൂറിനുള്ളില്‍ ചാലക്കുടി മുങ്ങുമെന്ന് റിപ്പോര്‍ട്ട്. പറമ്ബിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്ന് സ്ലൂയിസ് ഗേറ്റുകള്‍ രാവിലെ 7.30 ന് തുറന്നിരുന്നു. പറമ്ബിക്കുളത്തു നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയ സാഹചര്യത്തിലാണിത്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാല്‍ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച്‌ എത്രയും വേഗം മാറിത്താമസിക്കണം. വെള്ളം ഉയര്‍ന്ന് ഒഴിപ്പിക്കല്‍ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതോടെ, ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനും സാധ്യതയുണ്ട്. പീച്ചി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ രാവിലെ 9 മണിയോടെ 2.5 സെ.മീ കൂടി ഉയര്‍ത്തി. മണലി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ​ണമെന്നും അധികൃതര്‍ അറിയിച്ചു. പുഴയില്‍ 5 മുതല്‍ 10 സെ.മീ വരെ വെള്ളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക