സംസ്ഥാനത്തുടനീളം മഴക്കെടുതി മൂലമുള്ള ദുരിതങ്ങള്‍ക്കിടെ വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലും പ്രൊഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് നാലിന് ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ചു. രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്.

എന്നാല്‍ രാവിലെ മിക്ക സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയ ശേഷമായിരുന്നു അവധി പ്രഖ്യാപനം. 8.25ന് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കലക്ടറോട് മാതാപിതാക്കളുടെ കലിപ്പ് തീരുന്നില്ല. ‘കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’ എന്നാണ് അവരുടെ ചോദ്യം. ‘ഇന്‍എഫിഷ്യന്റ് കലക്ടര്‍’ എന്നു ചില മാതാപിതാക്കള്‍. ‘വെങ്കിട്ടരാമന്റെ ബ്രാന്‍ഡാണെന്നു തോന്നുന്നു’ എന്നു മറ്റു ചിലര്‍. എന്തായാലും കമന്റ് ബോക്‌സ് നിറയെ ഡോ.രേണു രാജിനെ പൊങ്കാലയിടുകയാണ്. മറ്റു ജില്ലകളിലെ കലക്ടര്‍മാരെ വാഴ്ത്തിയും ചിലര്‍ കമന്റിടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം മഴ തോര്‍ന്നു നില്‍ക്കുന്നതു കണ്ടാണ് എറണാകുളം ജില്ല മുഴുവന്‍ അവധി പ്രഖ്യാപിക്കുന്നതിന് പകരം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏതാനും ഉപജില്ലകള്‍ക്ക് മാത്രം കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. നേരം വെളുക്കും മുമ്ബേ ജില്ലയില്‍ മഴ കനത്തതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാര്‍ഥികളും മാതാപിതാക്കളും. ഒടുവില്‍ അവധി ഇല്ലെന്ന് കണ്ടതോടെ വിദ്യാര്‍ഥികളെ ഒരുക്കി സ്‌കൂളില്‍ വിടേണ്ടി വന്നു മാതാപിതാക്കള്‍ക്ക്.

ബുധനാഴ്ച മുതല്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും കലക്ടറുടെ പേജില്‍ കയറി അഭ്യര്‍ഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് പിറ്റേന്ന് രാവിലെ 8.25ന്. അപ്പോഴേക്കും കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫലത്തില്‍ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മിക്ക സ്‌കൂളുകളും കലക്ടറുടെ പ്രഖ്യാപനം അവഗണിച്ച്‌ ക്ലാസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം പതിവു പോലെ ക്ലാസ് നടക്കുമെന്നും ഉച്ചയ്ക്കു ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാമെന്നും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഭവന്‍സ് സ്‌കൂളിനും പതിവു പോലെ ക്ലാസുണ്ടാകുമെന്നും മാതാപിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ കൂട്ടിക്കൊണ്ടു പോകാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. തേവര എസ്‌എച് സ്‌കൂളില്‍ കലക്ടര്‍ അവധി പ്രഖ്യാപിക്കും മുമ്ബുതന്നെ അവധി പ്രഖ്യാപിച്ചതിനാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല.

അതേസമയം, ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ലെന്നും സ്‌കൂളുകളിലെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കലക്ടര്‍ അറിയിച്ചു. അതിനിടെ, കലക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം പല സ്‌കൂളുകളിലെയും പ്രാതല്‍ ഭക്ഷണ വിതരണത്തെയും ബാധിച്ചു. അവധി വിവരം അറിയാന്‍ വൈകിയതോടെ സ്‌കൂളുകളില്‍ ഭക്ഷണമുണ്ടാക്കിയെങ്കിലും കഴിക്കാന്‍ വിദ്യാര്‍ഥികള്‍ എത്തിയില്ല.

അവധി വിവരം പാതിവഴിയ്ക്ക് അറിഞ്ഞവര്‍ മടങ്ങിയതാണ് വിനയായത്. തൃപ്പൂണിത്തുറയില്‍ ആര്‍എല്‍വി, ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളുകളില്‍ 100 മുതല്‍ 150 വരെ പേര്‍ക്കുള്ള പ്രാതല്‍ ബാക്കിയായി. തുടര്‍ന്ന് ഇവ പ്രദേശത്തെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നല്‍കി. വടവുകോട് സ്‌കൂളില്‍ 800 കുട്ടികള്‍ക്കുള്ള ഭക്ഷണം തയാറാക്കിയതിന് പിന്നാലെയായിരുന്നു അവധി പ്രഖ്യാപനം. സ്‌കൂള്‍ വിട്ടതോടെ അധ്യാപകര്‍ പ്രതിസന്ധിയിലായി. അവധി പ്രഖ്യാപിച്ചതോടെ കുട്ടികള്‍ വീട്ടില്‍ പോയി. തയാറാക്കിയ ഭക്ഷണം എന്ത് ചെയ്യണമെന്നറിയാതെ അധ്യാപകരും കുഴങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക