തിരുവനന്തപുരം: കെപിസിസിയുടെ നിയുക്ത ജനറൽ ബോഡിയി‍ൽ 73 പുതുമുഖങ്ങൾ വരും. നേരത്തേ 45 പേരെയാണ് പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, 50 വയസ്സിൽ താഴെയുള്ളവരുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് എഐസിസിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരടു പട്ടിക പുതുക്കുന്നത്. ഇതോടെ 280 അംഗ പട്ടികയിൽ 50 വയസ്സിൽ താഴെയുള്ള 104 പേരെങ്കിലും ഇടം പിടിക്കും.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇതു സംബന്ധിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെപിസിസി ആസ്ഥാനത്ത് ചർച്ച നടത്തി. രാവിലെയും വൈകിട്ടുമായി നടന്ന കൂടിക്കാഴ്ചയിൽ പുതിയ പട്ടികയ്ക്ക് ഏകദേശ രൂപം ആയി. ഇത് അന്തിമമാക്കിയ ശേഷം സുധാകരൻ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം തേടാൻ ഡൽഹിക്കു തിരിക്കും. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആണ് 280 അംഗ കെപിസിസി ജനറൽ ബോഡി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എം.എം.ഹസൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന സമയത്തെ പട്ടികയിൽ മരിച്ചു പോയവരെയും പാർട്ടി വിട്ടവരെയും മാത്രം ഒഴിവാക്കി പകരം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയാണ് നേരത്തെ ചെയ്തത്. എന്നാൽ, ഈ പട്ടികയ്ക്കെതിരെ ഒരു വിഭാഗം പരാതിയുമായി രംഗത്തെത്തി. ഗ്രൂപ്പ് വീതംവയ്പ് പ്രതിഫലിക്കുന്ന പട്ടിക ആണെന്നും 50% പദവികൾ ചെറുപ്പക്കാർക്ക് മാറ്റിവയ്ക്കണം എന്ന ചിന്തൻ ശിബിര തീരുമാനം ലംഘിച്ചെന്നും ആയിരുന്നു ആക്ഷേപം.

പ്രവർത്തനരംഗത്ത് ഒട്ടും സജീവമല്ലാത്തവരെ കൂടി ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്താമെന്ന ധാരണയാണ് ഇന്നലെ രൂപപ്പെട്ടത്. എന്നാൽ, സജീവമായി രംഗത്ത് ഇല്ലാത്ത മുതിർന്ന നേതാക്കളെ പാർട്ടിയുമായി കണ്ണി ചേർക്കുന്നത് കെപിസിസി ജനറൽബോഡി അംഗത്വം ആണ് എന്നതിനാൽ അവരെ നീക്കുന്നത് നേതൃത്വത്തിന് എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല. അതിന്റെ ഗുണദോഷങ്ങൾ വിശദമായി പരിശോധിച്ചാണ് അങ്ങനെയുള്ള 27 പേരെ മാറ്റുന്നത്. കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണനും കെ.ജയന്തും ചർച്ചയിൽ നേതൃത്വത്തെ സഹായിച്ചു.

ഒഴിവാക്കുന്നവർക്ക് പകരം വയ്ക്കുന്നവരെ സംബന്ധിച്ച് ഏകാഭിപ്രായം രൂപപ്പെട്ടിട്ടില്ല. എങ്കിലും തൃക്കാക്കരയ്ക്ക് ശേഷമുള്ള ഐക്യാന്തരീക്ഷം നിലനിർത്തണമെന്ന മനോഭാവത്തോടെയാണ് ചർച്ചകൾ മുന്നേറുന്നത്. കെപിസിസി അംഗങ്ങളുടെ കാര്യത്തിൽ ധാരണ ആയ ശേഷം എഐസിസി അംഗങ്ങളെ നിശ്ചയിക്കും. ഈ മാസം 23,24 തീയതികളി‍ൽ കോഴിക്കോട് നടക്കുന്ന ‘ചിന്തൻശിബിര’ത്തിനു ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നാണ് ധാരണ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക