കുളത്തൂര്‍: മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുവന്ന ജീപ്പ് നിയന്ത്രണം തെറ്റി വഴിയരികിലെ കടയിലേക്ക് ഇടിച്ചുകയറി. കഴക്കൂട്ടം – ആക്കുളം ദേശീയപാതയില്‍ ആറ്റിന്‍കുഴി ബൈപ്പാസ് ജംഗ്ഷന് സമീപം ഹാജി അലി എന്ന ജ്യൂസ് കടയിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്. അപകടത്തില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല. വെള്ളിയാഴ്ച രാത്രി 12.30നായിരുന്നു അപകടം. ജീപ്പ് ഇടിച്ചുകയറി കടയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാലുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ പി.എം. മുജീബ് പറഞ്ഞു. അപകടം നടന്നയുടനെ ജീപ്പ് ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇയാള്‍ക്ക് പരിക്കേല്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. സമീപത്തെ ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും ഇയാളെപ്പറ്റി വിവരമൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.വാഹനം കടയിലേക്ക് ഇടിച്ച്‌ കയറുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പാണിതെന്നും മോഷ്ടിച്ച്‌ കടത്തുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും വിവരം ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന ഇവിടെ മതിയായ സൂചനാ ബോര്‍ഡുകളില്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരക്കെ ആക്ഷേപമുണ്ട്. മാസങ്ങള്‍ക്കു മുമ്ബ് പച്ചക്കറിയുമായെത്തിയ തമിഴ്നാട് ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക