പട്ടാപ്പകൽ റോഡരികിൽ നിന്നു പരസ്യമായി 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയറെ വിജിലൻസ് പിടികൂടി. വിളപ്പിൽ പഞ്ചായത്തിലെ ഗ്രേഡ് –2 ഓവർസീയർ നെയ്യാറ്റിൻകര സ്വദേശി എസ്.എ.ശ്രീലതയെ ആണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുണ്ടമൺകടവ് സ്വദേശി അൻസാർ തന്റെ രണ്ടു നില കെട്ടിടത്തിന്റെ മുകളിലായി മൂന്നാമത്തെ നില പണിയുന്നതിനായി വിളപ്പിൽ പഞ്ചായത്തിൽ കഴിഞ്ഞ മാസം അപേക്ഷ നൽകിയിരുന്നു.

ഓവർസീയർ ശ്രീലതയാണു പരിശോധനയ്ക്ക് എത്തിയത്. കെട്ടിടത്തോടു ചേർന്ന് ഷീറ്റ് പാകിയിട്ടുള്ളതിനാൽ പെർമിറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെന്നും 10,000 രൂപ നൽകിയാൽ അനുകൂലമായി റിപ്പോർട്ട് തയാറാക്കാമെന്നും അവർ അൻസാറിനെ അറിയിച്ചു. അദ്ദേഹം 1000 രൂപ നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ഇത് വിജിലൻസിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് 4.30നു സ്ഥല പരിശോധന കഴിഞ്ഞു മടങ്ങുന്നതിനിടെയാണു പിടിയിലായത്. പേയാട് ജംക്‌ഷനിൽ വിളപ്പിൽ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഒരു സ്വകാര്യ കടയുടെ മുന്നിൽ വച്ച് അൻസാറിൽ നിന്നു ബാക്കി തുക വാങ്ങുന്നതിനിടെയാണു സ്ഥലത്ത് ഉണ്ടായിരുന്ന വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.

എസ്പി വി.അജയകുമാർ, ഡിവൈഎസ്പി ടി.അനിൽകുമാർ, ഇൻസ്പെക്ടർമാരായ മുഹമ്മദ് റിജാസ്, അനൂപ് ആർ.ചന്ദ്രൻ, ബി.രാജീവ്, എസ്ഐ മോഹന കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അശോക് കുമാർ, അബ്ദുൽ ഷഫീദ്, സുമന്ത് മഹേഷ്, സജി മോഹൻ, സതീഷ്, രതീഷ്, രാം കുമാർ, ഇന്ദുലേഖ, ആശ മിലൻ, സനൂജ, പ്രീത, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈക്കൂലി വാങ്ങിയത് സ്കൂട്ടറിൽ ഇരുന്ന്:

സ്കൂട്ടറിൽ ഇരുന്നു തന്നെയാണ് അവർ പണം വാങ്ങിയത്. വേഷം മാറി തൊട്ടടുത്തായി ഉണ്ടായിരുന്ന വിജിലൻസ് സംഘം ഇവരെ ഉടൻ പിടികൂടി. ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലിൻ മുങ്ങിയ നോട്ടുകളാണ് പിടിച്ചെടുത്ത്. 3 മണിക്കൂറോളം നീണ്ട നടപടികൾക്കൊടുവിൽ രാത്രി പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

പരാതികൾ ഒട്ടേറെ, താക്കീതും ; എന്നിട്ടും കൈക്കൂലി വാങ്ങി:

ഓവർസീയർ എസ്.എ.ശ്രീലതക്കെതിരെ ഒട്ടേറെ പരാതികൾ വിജിലൻസിന് നേരത്തെ ലഭിച്ചിരുന്നു. വീടിന്റെ പെർമിറ്റ്, നമ്പർ, എന്നിവ നൽകുന്നതിനു കൈക്കൂലി ആവശ്യപ്പെടുന്നതായും അതു കൊടുക്കാൻ വിസമ്മതിക്കുന്നവരുടെ ഫയലുകൾ തീർപ്പാക്കാൻ കാലതാമസം എടുക്കുന്നതായുമുള്ള പരാതികളാണ് വിജിലൻസിന്റെ മുന്നിൽ എത്തിയത്. പക്ഷേ, പേരും മറ്റു വിവരങ്ങളും ഇല്ലാത്ത പരാതികൾ ആയതിനാൽ കൃത്യമായ അന്വേഷണം നടത്താനായില്ല.

എങ്കിലും പഞ്ചായത്ത് ഓഫിസിൽ എത്തിയ ഉദ്യോഗസ്ഥർ ശ്രീലതയ്ക്ക് ഇതു സംബന്ധിച്ച് താക്കീത് നൽകുകയും ഇവർ അനുമതി നൽകിയ ചില റിപ്പോർട്ടുകൾ പരിശോധനയ്ക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. റിപ്പോർട്ടുകളിൽ ക്രമക്കേട് ബോധ്യപ്പെട്ട വിജിലൻസ് ഒരു മാസത്തിലേറെയായി ഇവരെ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് അൻസാറിന്റെ പരാതി കിട്ടിയത്. തുടർന്നാണ് വിജിലൻസ് കെണി ഒരുക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക