പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമ നിലവിലെ രൂപത്തിൽ റിലീസ് ചെയ്താൽ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോൺഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിൽ, ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി സെൻസർ ബോർഡിനു നിർദേശം നൽകി.

കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നാണു താൻ അറിയപ്പെടുന്നതെന്നും സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹർജിക്കാ‌രൻ പറയുന്നു. തന്റെ ജീവിതത്തിലുണ്ടായ യഥാർഥ സംഭവങ്ങളും അതിനൊപ്പം വ്യാജ സംഭവങ്ങളും ഇടകലർത്തിയുമാണു സിനിമ. വ്യാജ സീനുകളും തന്റെ ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ചതാണെന്നു പ്രേക്ഷകർ കരുതും. ഇതുവഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ഹർജിയിൽ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം തന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതിയതാണെന്ന ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചന്റെ പരാതിയാണ് കേസിനു തുടക്കം. എന്നാൽ സിനിമ കുറുവച്ചന്റെ കഥയല്ലെന്നും അതിലെ നായകൻ സാങ്കൽപിക കഥാപാത്രം മാത്രമാണെന്നുമായിരുന്നു തിരക്കഥാകൃത്ത് ജിനു ഏബ്രഹാമിന്റെ വിശദീകരണം. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ പേരു മാറ്റി ‘കടുവ’ എന്ന പേരിൽ ചിത്രീകരണം ആരംഭിക്കാൻ കോടതിയിൽനിന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അനുമതി നേടുകയായിരുന്നു.

ചിത്രീകരണം പൂർത്തിയായാലും ഈ ചിത്രം പ്രദർശിപ്പിക്കാൻ താൻ അനുവദിക്കില്ല എന്നായിരുന്നു പിന്നീട് കുറുവച്ചന്റെ പ്രതികരണം. ചിത്രീകരണം പൂർത്തിയായ ചിത്രം ഈ മുപ്പതാം തീയതി റിലീസ് ചെയ്യാനിരിക്കവേ വീണ്ടും ചിത്രത്തിന്റെ റിലീസ് നീട്ടിവയ്‌ക്കേണ്ട അവസ്ഥ ഉണ്ടായി. ‘‘ചില അപ്രവചനീയമായ സാഹചര്യങ്ങൾ കൊണ്ട് റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരും തിയറ്റർ ഉടമകളും വിതരണക്കാരും ക്ഷമിക്കണം’’ എന്നായിരുന്നു കടുവയുടെ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.

തന്റെ ജീവിതവുമായി എന്തെങ്കിലും തരത്തിലുള്ള സാമ്യമുണ്ടെന്ന് കണ്ടെത്തിയാൽ ഈ ചിത്രം ഒരുരീതിയിലും റിലീസ് ചെയ്യിക്കില്ലെന്നും അതിനായി താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് ജോസ് കുരുവിനാക്കുന്നേൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക