‘അമ്മ’ യോ​ഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിജയ് ബാബുവിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ‘അമ്മ’ സംഘടനയുടെ യൂട്യൂബ് ചാനലിലൂടെ തന്നെ വീഡിയോ പുറത്ത് വിട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായി. നടന്റെ വിഷ്വല്‍സ് മാത്രം ഉള്‍പ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പശ്ചാത്തലമായി മാസ് ബിജിഎമ്മും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

രണ്ട് ദിവസം മുമ്ബാണ് താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോ​ഗം നടന്നത്. ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവും യോ​ഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് സിനിമയ്ക്ക് അകത്ത് തന്നെ താരസംഘടനയ്ക്ക് എതിരെ ഉയര്‍ന്നത്. ഹരീഷ് പേരടി, നടനും പത്തനാപുരം എംഎല്‍എയുമായ കെ.ബി.ഗണേശ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രം​ഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിച്ചിരുന്നു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു.

എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ അമ്മ അം​ഗവും പത്തനാപുരം എംഎല്‍എയുമായ കെ ബി ​ഗണേശ് കുമാര്‍ രം​ഗത്തെത്തിയിരുന്നു. ‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കി. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ. അമ്മ ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച്‌ ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയില്‍ നിന്ന് രാജി വെക്കും. മറ്റ് ക്ലബ്ബുകളില്‍ ചീട്ടുകളിയും ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’? ക്ലബ്ബ് പരാമര്‍ശത്തില്‍ മേഹന്‍ലാലിന് കത്തെഴുതുമെന്നും ​ഗണേശ് പ്രതികരിച്ചിരുന്നു. വിജയ് ബാബുവിനെ യോഗത്തില്‍ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ഹരീഷ് പേരടി പ്രതികരിച്ചത്.

അമ്മയില്‍ അംഗത്വം വേണ്ട

ക്ലബ് ആയ അമ്മയില്‍ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു. സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നല്‍കി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അംഗത്വ ഫീ തിരിച്ചു തരണമെന്ന് ജോയ് മാത്യു ആവശ്യപ്പെട്ടു. അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്. അത് തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അര്‍ഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവര്‍. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങള്‍ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. മറ്റേതു സംഘടനയെടുത്താലും വേതനത്തിന്‍റെ കാര്യത്തില്‍ വേര്‍തിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലര്‍ക്കും കീഴ്പ്പെടണം.

വിരുദ്ധ അഭിപ്രായങ്ങളും കുറവ്. ക്ലബ് ആണെന്ന് പറയുമ്ബോള്‍ കൂടെയുള്ളവര്‍ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്?. വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച്‌ അഭിപ്രായം പറയുന്നില്ല. നടന്‍ ഷമ്മി തിലകന്‍ പറയുന്നതില്‍ കുറേ കാര്യമുണ്ട്. കുറേ അപാകതകളുമുണ്ട്. അച്ഛനെ വേട്ടിയാടിയ സംഘത്തോട് സമരസപ്പെടാന്‍ നല്ല മകന് പറ്റില്ല. കിരീടം സിനിമയുടെ മോഡലാണ് അത്. പകയുണ്ടാകാം അദ്ദേഹത്തിന്. ഇവരുടെ ഓരോ വീഴ്ചകളിലും ഷമ്മി തിലകന്‍ ശ്രദ്ധാലുവാണ്. പറയുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധയുണ്ട്. അത്തരം ശബ്ദങ്ങള്‍ വേണം. അങ്ങനെയൊന്നും ഷമ്മിയെ പുറത്താക്കാന്‍ പറ്റില്ല. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൃശൂരിലാണ് ജോയ് മാത്യു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക