തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ എത്താത്തത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നരേന്ദ്രമോദിയെ പേടിച്ചാണ് പിണറായിയും കൂട്ടരും വിമാനത്താവളത്തില്‍ എത്താതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ കേരളത്തില്‍ നിന്നാണ് പ്രചാരണം ആരംഭിക്കുന്നത്.

സിപിഐഎം സെക്രട്ടറി ജനറല്‍ സീതാറാം യെച്ചൂരി കൂടി ചേര്‍ന്നാണ് യശ്വന്ത് സിന്‍ഹ നോമിനേഷന്‍ നല്‍കിയതെന്ന് കെ സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. എന്നിട്ടും കേരളത്തില്‍ നിന്നും സിപിഐഎമ്മിന് വേണ്ടി ആരും വന്നില്ല. സ്വര്‍ണ്ണക്കടത്തു കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി സിപിഐഎം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മോദിക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാകുകയാണെന്നും കെപിസിസി പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാഴാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് യശ്വന്ത് സിന്‍ഹ കേരളത്തില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. ഭരണ കക്ഷി നേതാക്കള്‍ ആരും വിമാനത്താവളത്തില്‍ സ്വീകരിക്കാനായി എത്തിയിരുന്നില്ല. നൂറ് ശതമാനം വോട്ട് കിട്ടുന്ന കേരളത്തില്‍ നിന്നും പ്രചാരണത്തിന് ഗംഭീര തുടക്കം കുറിക്കാനാവുമെന്നും കേരളം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനമാണെന്നും സിന്‍ഹ സ്വീകരണ ശേഷം പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക