തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളത്തോടെ തുടക്കം. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ കറുത്ത വേഷം ധരിച്ചെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തുകയും മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം.

രാഹുലിന്റെ ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണം കാടത്തമെന്നും, എസ്‌എഫ്‌ഐ ഗുണ്ടായിസത്തിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഷാഫി പറമ്ബില്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, സനീഷ് കുമാര്‍, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയ എംഎല്‍എമാരാണ് കറുത്ത വസ്ത്രവും മാസ്‌കും ധരിച്ച്‌ പ്രതിഷേധിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും ആ നിര്‍ദേശം പ്രതിപക്ഷം തള്ളി. സ്പീക്കര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടര്‍ന്നതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. സഭ നിര്‍ത്തിവെച്ചിട്ടും പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മന്ത്രിമാരടക്കം ഭരണപക്ഷവും മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റതോടെ നാടകീയ രംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്.

അതിനിടെ, രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. ടി സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.

മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിയമസഭ നടപടികള്‍ സഭാ ടീവിയിലൂടെ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. പ്രതിപക്ഷ പ്രതിഷേധം സഭ ടിവി സംപ്രേഷണം ചെയ്തില്ല. പ്രതിപക്ഷ പ്രതിഷേധം നടക്കുമ്ബോള്‍, സ്പീക്കറെയും ഭരണപക്ഷ എംഎല്‍എമാരെയുമാണ് കാണിച്ചുകൊണ്ടിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക