തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണവിധേയായ അനിത പുല്ലയില്‍ ലോക കേരളസഭ സമയത്ത് നിയമസഭയില്‍ പ്രവേശിച്ചതില്‍ വീഴ്ച സംഭവിച്ചെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. സംഭവത്തില്‍ സഭ ടി.വിക്ക് സാങ്കേതിക സഹായം നല്‍കുന്ന ബിട്രെയിറ്റ് സൊലൂഷന്‍ എന്ന ഏജന്‍സിയിലെ നാല് കരാര്‍ ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനിച്ചതായും സ്പീക്കര്‍ അറിയിച്ചു.

ഫസീല, വിപുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതില്‍ ഫസീലയുടെ കൂടെയാണ് അനിത സഭാമന്ദിരത്തില്‍ പ്രവേശിച്ചത്. ഇവര്‍ക്കൊപ്പം സഭ ടി.വി ഓഫിസിലുണ്ടായിരുന്നവര്‍ എന്നപേരിലാണ് മറ്റ് മൂന്നുപേര്‍ക്കെതിരെയുള്ള നടപടിയെന്ന് സ്പീക്കര്‍ വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഇവര്‍ക്കെതിരെ പൊലീസ് കേസിനോ ഏജന്‍സിയായ ബിട്രെയിറ്റ് സൊലൂഷനെതിരെ നടപടിക്കോ സ്പീക്കര്‍ തയാറായിട്ടില്ല. അതീവ സുരക്ഷമേഖലയായ നിയമസഭയില്‍ അനധികൃതമായി പ്രവേശിച്ചയാള്‍ക്കെതിരെ എന്തുകൊണ്ട് പൊലീസ് കേസില്ലെന്ന് ചോദിച്ചപ്പോള്‍ എന്ത് പേരില്‍ നടപടിയെടുക്കുമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ വിതരണം ചെയ്ത ക്ഷണക്കത്ത് ഉപയോഗിച്ചാണ് അനിത സഭ വളപ്പില്‍ കയറിയതെന്നാണ് ചീഫ് മാര്‍ഷലിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് സ്പീക്കര്‍ പറഞ്ഞു.

ഇവിടെനിന്ന് സഭ ടി.വിക്ക് സഹായം നല്‍കുന്ന ഏജന്‍സിയിലെ കരാര്‍ ജീവനക്കാരിക്കൊപ്പമാണ് സഭ മന്ദിരത്തില്‍ കയറിയത്. കരാര്‍ ജീവനക്കാരിക്ക് നിയമസഭ പാസും ലോക കേരളസഭയുടെ പാസുമുണ്ടായിരുന്നു. ഇതില്‍ ഒന്ന് ഉപയോഗിച്ചാണ് അനിത സഭ മന്ദിരത്തില്‍ കയറിയത്. അനിതയെ സഭയില്‍ കൊണ്ടുവരുന്നതില്‍ നിയമസഭ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് പങ്കില്ല. വാച്ച്‌ ആന്‍ഡ് വാര്‍ഡിന് ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ശ്രദ്ധയില്‍പെട്ട ഉടന്‍ സഭയില്‍നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് ഉദാരമായാണ് സൗകര്യമൊരുക്കിയത്. അത് ദുരുപയോഗം ചെയ്യുകയായിരുന്നു. സഭ ടി.വിയുടെ സാങ്കേതിക സംവിധാനങ്ങള്‍ പൂര്‍ണമായും നിയമസഭയുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ്. നിയമസഭയിലേക്കുള്ള പ്രവേശനവും സുരക്ഷയും കൂടുതല്‍ കര്‍ക്കശമാക്കും. സഭ ടി.വിയുടെ ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി ചാനലുകളിലൂടെ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക