ഗാന്ധിന​ഗര്‍: ശിവസേനയുമായി ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ എംഎല്‍എമാരുമായി ​ഗുജറാത്തിലെ സൂറത്തില്‍ നിന്നും അസമിലെ ​ഗുവാഹത്തിയിലേക്ക് മാറി. സൂറത്തിലെ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു യാത്ര. താമസം ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏക്നാഥ് ഷിന്‍ഡെ 34 എംഎല്‍എമാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് പുറത്തുവന്ന ഫോട്ടോയിലുളളത്. “ഞങ്ങള്‍ ശിവസേനയില്‍ തുടരും. ഞങ്ങള്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ പോകുന്നില്ല. ഞങ്ങള്‍ ബാലാസാഹേബ് താക്കറെയുടെ ശിവസൈനികരാണ്. ഞങ്ങള്‍ ബാലാസാഹേബ് താക്കറെയുടെയും ആനന്ദ് ദിഗെയുടെയും ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. ” എന്ന് സൂറത്തില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകവെ ഏകാനാഥ് ഷിന്‍ഡെ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശിവസേന എംഎല്‍എമാരുമായി ഹോട്ടലില്‍ നിന്ന് പുറപ്പെട്ട ബസില്‍ ബിജെപി നേതാവ് മോഹിത് കാംബോജിനെ കണ്ടതായും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ സംഘം ഗുവാഹത്തിയിലെത്തി. നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാരാഷ്ട്ര ശിവസേനയില്‍ പിളര്‍പ്പുണ്ടായത്. ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നാണ് ഏക്നാഥ് ഉള്‍പ്പെടുന്ന വിമത എംഎല്‍എമാരുടെ ആവശ്യം. അല്ലാത്ത പക്ഷം പാര്‍ട്ടി പിളരുമെന്നും ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഷിന്‍ഡെയുമായി അനുരഞ്ജന നീക്കത്തിന് ശിവസേന മിലിന്ദ് നര്‍വേക്കറെ നിയോ​ഗിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തനിക്കെതിരെ പാര്‍ട്ടി നടപടി എടുക്കേണ്ടതില്ലെന്നും തനിക്ക് മുഖ്യമന്ത്രി സ്ഥാനമോഹം ഇല്ലെന്നും ഉദ്ദവ് താക്കറെയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഷിന്‍ഡെ പറഞ്ഞു. നേരത്തെ, ശിവസേനയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും ഷിന്‍ഡെയെ മാറ്റിയിരുന്നു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങള്‍ ശിവസേനയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ഉദ്ദവ് താക്കറെ നേരിട്ട് അത് പരിഹരിക്കുമെന്നും സഖ്യ സര്‍ക്കാരിനെ ഇതൊന്നും ബാധിക്കില്ലെന്നുമാണ് എന്‍സിപിയുടേയും കോണ്‍ഗ്രസിന്റേയും പരസ്യ നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക