നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ തേരോട്ടത്തിനു മുമ്ബില്‍ തകര്‍ന്നടിഞ്ഞ ജെഡിഎസ് പിളര്‍പ്പിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ. പാര്‍ട്ടി പിളര്‍ന്ന് പ്രമുഖ നേതാവ് എച്ച്‌ഡി രേവണ്ണയുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്ന വിവരമാണ് പുറത്തുവരുന്നത്. ഈ നീക്കങ്ങൾക്ക് ശക്തി പകരുന്നത് കർണാടക കോൺഗ്രസ് അധ്യക്ഷനായ ഡി കെ ശിവകുമാറാണ് എന്നും അഭ്യൂഹം ഉണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രേവണ്ണയും കൂട്ടരും പാര്‍ട്ടി പിടിയ്ക്കാനുള്ള അണിയറ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

19 അംഗ ജെഡിഎസ് നിയമസഭാ കക്ഷിയില്‍ നിലവില്‍ 9 അംഗങ്ങളുടെ പിന്തുണയാണ് എച്ച്‌ഡി ദേവഗൗഡയുടെ മകന്‍ രേവണ്ണയ്ക്കുള്ളത്. മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ പാര്‍ലമെന്‍റ് സീറ്റ് ഉള്‍പ്പെടുന്ന ഹാസനില്‍ നിന്നും വിജയിച്ച എ മഞ്ജു ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനോട് അനുഭാവമുള്ള നേതാക്കളാണ്. മഞ്ജുവിന്‍റെ മകന്‍ മന്തര്‍ ഗൗഡ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മഡിക്കേരിയില്‍ നിന്നും വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

14 എംഎല്‍എമാരെ ഒപ്പം കൂട്ടാനായാല്‍ ജെഡിഎസിനെ പിളര്‍ത്തി കൂറുമാറ്റ നിയമത്തെ അതിജീവിച്ച്‌ കോണ്‍ഗ്രസിനൊപ്പം ചേരാനാകും. തുടര്‍ച്ചയായി അധികാരത്തില്‍ നിന്നും പുറത്താകുന്നതോടെ ജെഡിഎസിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാണ്. കഴിഞ്ഞ മൂന്നര വര്‍ഷമായി അധികാരത്തിനു പുറത്ത് നില്‍ക്കുന്ന ജെഡിഎസിന്‍റെ സീറ്റ് ബലത്തില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നാല്‍ കോണ്‍ഗ്രസിനോടും ബിജെപിയോടും ഒരേപോലെ വിലപേശല്‍ നടത്തി മുഖ്യമന്ത്രി സ്ഥാനം പിടിക്കാനായിരുന്നു എച്ച്‌ഡി കുമാരസ്വാമിയുടെ നീക്കം.

എന്നാല്‍ കോണ്‍ഗ്രസ് വിജയം കേവലഭൂരിപക്ഷത്തിനുള്ള 113 -ഉം കടന്ന് 135 ലെത്തിയതോടെ കുമാരസ്വാമിയുടെ പദ്ധതി പൊളിഞ്ഞു. വിലപേശല്‍ വിദഗ്ദ്ധനായ കുമാരസ്വാമിയെ ഇനി കോണ്‍ഗ്രസിനാവശ്യമില്ല. കഴിഞ്ഞ തവണ ജെഡിഎസിനേക്കാള്‍ ഇരട്ടിയിലേറെ സീറ്റുകളുണ്ടായിരുന്നിട്ടും കോണ്‍ഗ്രസിനെ പിന്‍സീറ്റിലിരുത്തി വിലപേശലിലൂടെ കുമാരസ്വാമി മുഖ്യമന്ത്രിയായി.

ജെഡിഎസിന്‍റെ പിളര്‍പ്പോടുകൂടി വൊക്കലിഗ സമുദായത്തില്‍ ഡികെ ശിവകുമാര്‍ നിര്‍ണായക ശക്തിയായി മാറും. ജെഡിഎസിന്‍റെ പ്രധാന വോട്ട് ബാങ്കും വൊക്കലിഗ സമുദായമാണ്. ജെഡിഎസ് തകര്‍ന്നാല്‍ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള പ്രധാന നേതാവായി ഡികെ ശിവകുമാര്‍ മാറും. ഇക്കാര്യങ്ങൾ മറ്റാരെക്കാളും മനസ്സിലാക്കുന്നത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആലസ്യത്തിൽ മയങ്ങാതെ ഡി കെ ശിവകുമാർ കരുനീക്കങ്ങൾ തുടരുകയാണ്. എതിരാളികളെ നിഷ്പ്രഭമാക്കി കർണാടകയുടെ രാഷ്ട്രീയ ആചാര്യ പദവിയിലേക്കുള്ള കുതിപ്പിലാണ് അദ്ദേഹം എന്ന് നിസംശയം പറയാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക