കൊല്ലം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന വ്യാജ കവര്‍ പാലുകള്‍ സുലഭം. തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സംഘങ്ങൾ കൊണ്ട് വരുന്ന പാലിന്റെ വിപണനം കേരളത്തിൽ പൊടിപൊടിക്കുകയാണ്.
സ്വന്തമായി ഫാം ഹൗസുകളോ, പാല്‍ സംഭരണ കേന്ദ്രങ്ങളോ ഇവർക്ക് കേരളത്തിലില്ല.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഇത്തരം കവര്‍ പാലുകളുടെ ഉറവിടമോ, ഗുണനിലവാരമോ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പോ, അനുബന്ധ അധികൃതരോ തയാറാകുന്നില്ലെന്നതാണ്‌ മറ്റൊരു വസ്‌തുത. തമിഴ്നാട്ടിൽ നിന്നും വാഹനങ്ങളിൽ അതിരാവിലെ എത്തുന്ന പാൽ ആണിത്. കൊല്ലം ചെങ്കോട്ട അതിർത്തി വഴിയും, തിരുവനന്തപുരം – കളിയിക്കാവിള അതിർത്തി വഴിയുമാണ്
പ്രധാനമായും കൊല്ലം ജില്ലയിലേക്ക് കവര്‍ പാലുകള്‍ ഒഴുകുന്നത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലുടെ എത്തുന്ന പാല്‍ വണ്ടികള്‍ക്ക്‌ ഒരുവിധ പരിശോധനകളോ, മറ്റു കടമ്പകളോ ഇല്ലെന്നത്‌ വ്യാപാരം പൊടിപൊടിക്കാന്‍ അവസരമൊരുക്കുന്നു. രാസവസ്‌തുക്കളില്‍ പാല്‍പ്പൊടി കലക്കി പാല്‍ എന്ന്‌ പേരെഴുതി എത്തിക്കുന്ന അന്യസംസ്‌ഥാന പാലുകളുടെ ഗുണനിലവാരയോഗ്യതകളും ഉല്‍പാദ്ദന രീതികളും മുമ്പും മാധ്യമങ്ങള്‍ നിരവധി തവണ പുറത്തുകൊണ്ടുവന്നിരുന്നു. ആ കാലഘട്ടത്തില്‍ പരിശോധനകളും നിരോധനങ്ങളും കൊണ്ടുവരാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നുവെങ്കിലും കൊറോണയ്ക്ക് ശേഷം ഗുരുതരമായ അവസ്‌ഥയിലാണ്‌ സ്‌ഥിതിഗതികള്‍.

പ്രധാനമായും അതിര്‍ത്തി ഗ്രാമ പ്രദേശങ്ങളിൽ ചെറു ഫാക്ടറികളിൽ തയ്യാറാക്കുന്നത്. പാൽ കേരളത്തിൽ വിതരണം ചെയ്യുന്നതിന് വൻ ശ്രുംഖല തന്നെയുണ്ട്. തമിഴ് നാട് സ്വദേശികളായ സൈക്കിൾ ചായകച്ചവടക്കാരിൽ നിന്നും തുടങ്ങി തട്ട് കടകളും
ചെറുതും വലുതുമായ ഹോട്ടലുകളിൽ വരെ ഈ പാൽ എത്തുന്നു. വിപണനത്തിനായി പാൽ കടകളിലില്ല എന്നതും മറ്റൊരു പ്രതേകതയാണ്.

പുലര്‍ച്ചെ വിദൂരങ്ങളില്‍ ജോലിക്ക്‌ പോകാനെത്തുന്ന തൊഴിലാളികളും ഉദ്യോഗസ്‌ഥരും വിദ്യാര്‍ഥികളും ആശ്രയിക്കുന്ന തട്ടുകടയിലെ കാലിചായയിലാണ്‌ ഇത്തരം കവര്‍ പാലുകള്‍ പ്രധാനമായും ഉപയോഗിക്കുക. പുലര്‍ച്ചെ തുറക്കുന്ന ഇത്തരം കടകളിലേക്ക്‌ സംഭരണകേന്ദ്രങ്ങളില്‍ നിന്നോ, മില്‍മ പോലുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നോ പാല്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഇത്തരം മാഫിയകൾ മുതലാക്കുന്നത്‌. ഇവർക്ക് വേണ്ടി പാൽ സംഭരിക്കാൻ പ്രതേക കേന്ദ്രങ്ങളും വാഹനങ്ങളും സജ്ജമാണ്. വ്യക്‌തതയില്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ പതിപ്പിച്ച്‌ എത്തുന്ന ഇത്തരം പാല്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ എവിടെ നിന്ന്‌ വരുന്നതാണെന്നത്‌ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കൃത്രിമപാലുകളുടെ വിപണനം തടയാനും നടപടിയെടുക്കാനും ഇരു സംസ്‌ഥാനങ്ങളും തമ്മില്‍ സംയുക്‌തമായി അന്വേഷണം ആരംഭിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക