ദൂരദര്‍ശന്‍ മാത്രമുള്ള കാലത്ത് വാര്‍ത്ത കാണലും മലയാളികളുടെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. സിനിമ താരങ്ങളേക്കാള്‍ പ്രശസ്തി അക്കാലത്തെ വാര്‍ത്ത അവതാരകര്‍ക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി ഇല്ല. മുന്നിലെ ടേബിളില്‍ ഇരിക്കുന്ന പേപ്പറില്‍ നോക്കി വാര്‍ത്തകള്‍ വായിച്ചിരുന്ന ആ അവതാരകരുടെ മുഖങ്ങള്‍ ഇപ്പോഴും നമ്മുടെയൊക്കെ മനസ്സിലുണ്ടാകും. മലയാളികളുടെ ഒരുക്കാലത്തെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ആ മുഖളൊക്കെയും.

രാത്രി ഏഴ് മണിമുതല്‍ ഏഴ് പതിനഞ്ച് വരെ നീളുന്ന പ്രധാന വാര്‍ത്തകള്‍ വായിച്ചിരുന്ന ഹേമലത, രാജേശ്വരി മോഹന്‍, ബാലകൃഷ്ണന്‍, സന്തോഷ്, അളകനന്ദ തുടങ്ങിയവരുടെ സുന്ദര മുഖങ്ങള്‍ മലയാളികളുടെ ഹൃദയത്തിലാണ് പതിഞ്ഞത്. അക്കൂട്ടത്തില്‍ സൂപ്പര്‍സ്റ്റാറായിരുന്നു മായ ശ്രീകുമാര്‍ എന്ന അവതാരക. ദൂരദര്‍ശന്‍ കേരളത്തിന്റെ തുടക്കകാലം മുതല്‍ മുപ്പത്തി മൂന്ന് വര്‍ഷത്തിലേറെ കാലം വാര്‍ത്താമാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു മായ ശ്രീകുമാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മായ ശ്രീകുമാറിന്റെ ശബ്ദവും മുഖവും ഒരു തലമുറയുടെ മനസ്സില്‍ എക്കാലവുമുണ്ടാകും. വാര്‍ത്താവതാരകയാകും എന്ന് ഒരിക്കലും കരുതിയിരുന്നയാളല്ലായിരുന്നു മായ ശ്രീകുമാര്‍. ദൂരദര്‍ശനില്‍ അവതാരകരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് അപേക്ഷിക്കുകയും അങ്ങനെ ദൂരദര്‍ശനില്‍ എത്തിപ്പെടുകയുമായിരുന്നു. വീട്ടില്‍ ടെലിവിഷന്‍ പോലും ഇല്ലായിരുന്നു കാലമായിരുന്നു. അതുകൊണ്ട് തന്നെ വാര്‍ത്തകള്‍ കണ്ടിട്ടുമില്ല.

ദൂരദര്‍ശനില്‍ എത്തിയതിന് ശേഷമാണ് അതെല്ലാം മനസ്സിലാക്കുന്നതും പഠിക്കുന്നതും. വാര്‍ത്തവായിച്ചപ്പോള്‍ തെറ്റ് പിണഞ്ഞപ്പോള്‍ ഇമ്പോസിഷന്‍ എഴുതേണ്ടി വന്ന രസകരമായ കഥയൊക്കെ മായ ശ്രീകുമാര്‍ അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി. ദൂരദര്‍ശനില്‍ നിന്ന് ഏഷ്യാനെറ്റിലേക്കും മായ ശ്രീകുമാര്‍ പോയി. അക്കാലത്ത് സിംഗപ്പൂരില്‍ നിന്നാണ് ചാനലിന്റെ സംപ്രേക്ഷണം. അവിടെയായിരുന്നു ജോലി. ഐവി ശശി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വര്‍ണ്ണപകിട്ട് സിനിമ സിംഗപ്പൂരില്‍ വെച്ച് ചിത്രീകരണം നടന്നപ്പോള്‍ മായ ശ്രീകുമാര്‍ സിനിമയില്‍ ഒരു രംഗത്ത് അഭിനയിക്കുകയും ചെയ്തു.

മോഹന്‍ലാല്‍ കഥാപാത്രത്തെ ഇന്റര്‍വ്യു എടുക്കുന്ന അവതാരകയുടെ വേഷം തന്നെയായിരുന്നു സിനിമയിലും. പിന്നീട് തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, സാന്ദ്രം, അവിട്ടം തിരുന്നാള്‍ ആരോഗ്യ ശ്രീമാന്‍, കാട്ടിലെ തടി തേവരുടെ ആന തുടങ്ങിയ സിനിമകളിലും മായ ശ്രീകുമാര്‍ അഭിനയിച്ചു. വളരെ നാളത്തെ ടെലിവിഷന്‍ തിരക്കുകള്‍ക്ക് ശേഷം ഇപ്പോള്‍ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ് ഒരുകാലത്തെ ടെലിവിഷന്‍ രംഗത്തെ മിന്നുംതാരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക