പാലക്കാട്: ഷാജ് കിരണിന് പിന്നാലെ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ച മറ്റൊരാളുടെ പേര് കൂടി വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്. ഷാജ് കിരണിന്റെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയ ശേഷം വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാര്‍ എന്നയാളുടെ കാര്യവും സ്വപ്‌ന പുറത്തുവിട്ടത്.

എന്നാല്‍ നികേഷ് കുമാര്‍ ആരാണെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ഇക്കാര്യം അറിയില്ലെന്നും ഷാജ് കിരണ്‍ തന്നോട് പേര് മാത്രമേ പറഞ്ഞുളളൂവെന്നുമായിരുന്നു സ്വപ്‌നയുടെ മറുപടി. 164 മൊഴി പിന്‍വലിക്കണമെന്നായിരുന്നു ഷാജ് കിരണിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാര്‍ എത്ര താമസിച്ചായാലും ഇന്നോ നാളെയോ വരും. ഷാജ് കിരണിനൊപ്പം നികേഷ് കുമാറുമായി സംസാരിക്കണം. മറ്റാരെയും കൂട്ടണ്ട. ഫോണ്‍ ചോദിച്ചാല്‍ ഫോണ്‍ ഏല്‍പിക്കണം. യാത്രാവിലക്കും കേസും എല്ലാം ഇന്നത്തോടെ തീര്‍ത്തുതരുമെന്നുമായിരുന്നു ഷാജ് കിരണിന്റെ വാക്കുകളെന്ന് സ്വപ്‌ന പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും പിന്തിരിപ്പിക്കാനും വലിയ ഇടപെടല്‍ ഉണ്ടായെന്നാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ കരുതിക്കൂട്ടിയുളള ഇടപെടലും സമ്മര്‍ദ്ദവുമാണ് നടന്നത്. സംസ്ഥാന പോലീസിലെ ഉന്നതര്‍ വരെ ഇതിന് ശ്രമിച്ചതായി സ്വപ്‌ന വെളിപ്പെടുത്തുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഉന്നത രാഷ്‌ട്രീയ സമ്മര്‍ദ്ദം ഒരിക്കല്‍ കൂടി പുറത്തുകൊണ്ടുവരുന്നതാണ് ഈ ഇടപെടല്‍.

നയതന്ത്ര ബാഗേജിന്റെ മറവില്‍ കറന്‍സി കടത്തിയതിലും യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ബിരിയാണി ചെമ്ബിലൂടെ സ്വര്‍ണം കടത്തിയതിലും മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ സമ്മര്‍ദ്ദമാണ് താന്‍ നേരിടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. വലിയ മാനസീക പീഡനമാണ് ഷാജ് കിരണില്‍ നിന്നും ഇന്നലെ വൈകിട്ട് വരെ തനിക്ക് നേരിടേണ്ടി വന്നത്.

താനുമായി സംസാരിക്കുന്നതിനിടെ എഡിജിപി എംആര്‍ അജിത് കുമാറും ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപിയും മാറിയും തിരിഞ്ഞും 56 തവണയോളം ഷാജ് കിരണിന്റെ വാട്‌സ് ആപ്പില്‍ വിളിച്ചുകൊണ്ടിരുന്നു. ഓരോ തവണയും കോള്‍ വരുമ്ബോള്‍ അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും തന്നെ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു.

താന്‍ ഇതില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും ഒന്നാം നമ്ബരിനെ കാണാന്‍ പോകുകയാണെന്നും ഒന്നാം നമ്ബര്‍ വളരെ ദേഷ്യത്തിലാണെന്നും ഷാജ് കിരണ്‍ പറഞ്ഞു. ഈ ഒന്നാം നമ്ബര്‍ ആരാണെന്ന് എനിക്ക് അറിയില്ല സ്വപ്‌ന പറഞ്ഞു. തന്റെ ഫോണ്‍ ആണ് അവര്‍ക്ക് വേണ്ടതെന്നാണ് ഷാജ് കിരണ്‍ പറഞ്ഞതെന്ന് സ്വപ്‌ന വ്യക്തമാക്കി. പഴയത് ഒന്നും കണ്ടുപിടിക്കാനല്ല, പുതിയ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ്. അതിനാണ് അവര്‍ സരിത്തിന്റെ ഫോണ്‍ എടുത്തതെന്നും സ്വപ്‌ന പറഞ്ഞു.

തന്റെ അഭിഭാഷകനായ കൃഷ്ണരാജിനെ പൂട്ടുമെന്നും എച്ച്‌ആര്‍ഡിഎസ് എന്ന സ്ഥാപനം പൂട്ടുമെന്നും ഷാജ് കിരണ്‍ ഇന്ന് രാവിലെ ഭീഷണി മുഴക്കിയെന്നും സ്വപ്‌ന പറയുന്നു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് പിറ്റേന്ന് തന്നെ സംഭവിച്ചു. അതുകൊണ്ടു തന്നെ ഷാജ് കിരണിന്റെ ഭീഷണി നിസാരമായി തളളാനാകില്ലെന്ന് സ്വപ്‌ന പറഞ്ഞു. ഗൂഢാലോചന എന്ന അടിസ്ഥാനരഹിതമായ കേസ് ചുമത്തിയിട്ട് തന്നെ കൊണ്ടുപോകാനാണ് നീക്കമെന്നും സ്വപ്ന പറഞ്ഞു.

അന്വേഷണം തടയാനോ ഒളിച്ചോടാനോ അല്ല മുന്‍കൂര്‍ ജാമ്യം തേടിയത്. അന്വേഷണ സംഘത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് നൂറ് ശതമാനം സഹകരിക്കുമെന്നും സ്വപ്‌ന പറയുന്നു. സമ്മര്‍ദ്ദഫലമായി അവരുടെ കൈകളിലായാല്‍ അവര്‍ പറയുന്നതുപോലെ വഴങ്ങേണ്ടി വരും സത്യം പുറത്തുവരില്ലെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക