ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ചീഫ് എൻജിനീയർ അശോക് കുമാർ ജൂൺ 10 വെള്ളിയാഴ്ച ചേർപ്പുങ്കൽ പാലം സന്ദർശിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ യും മാണി സി കാപ്പൻ എംഎൽഎയും അറിയിച്ചു. കടുത്തുരുത്തി- പാലാ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മീനച്ചിലാറിന് കുറുകെ നിർമ്മിക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ തുടർന്നുള്ള നിർമ്മാണ ഘട്ടങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിനാണ് എംഎൽഎമാർ ആവശ്യപ്പെട്ടത് പ്രകാരം ബ്രിഡ്ജസ് ചീഫ് എൻജിനീയർ സ്ഥലം സന്ദർശിക്കുന്നതിന് തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനപ്രകാരം റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും ഇതുവരെയും പൊതുമരാമത്ത് വകുപ്പിൽനിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ല.

ഇതേതുടർന്ന് പ്രവർത്തി ഏറ്റെടുത്ത കരാറുകാർ വീണ്ടും പാലം നിർമ്മാണം നിർത്തിവെച്ചെങ്കിലും എംഎൽഎമാരായ മോൻസ് ജോസഫും മാണി സി കാപ്പനും നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പാലം നിർമ്മാണം വീണ്ടും പുനരാരംഭിച്ചത്. പുതിയ പാലത്തിനു വേണ്ടിയുള്ള ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ പഴയ പാലത്തിന്റെ അപ്രോച്ച് റോഡിൽ മണ്ണ് നീക്കം ചെയ്യേണ്ടി വന്നതുമൂലവും മണ്ണിടിച്ചിലുണ്ടായത് മൂലവും അപകടാവസ്ഥ കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ഗർഡർ സ്ഥാപിക്കുന്ന ജോലി പൂർത്തീകരിക്കുന്നതിനെ തുടർന്ന് ചേർപ്പുങ്കൽ പാലം നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ തീരുമാനിക്കുന്നതിനാണ് ബ്രിഡ്ജസ് ചീഫ് എൻജിനീയറുടെ സന്ദർശനവും പരിശോധനയും തീരുമാനിച്ചിരിക്കുന്നതെന്ന് മോൻസ് ജോസഫും മാണി സി കാപ്പനും വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക