ബിഹാർ: കാണാതായ മകൻ്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടതായി മാതാപിതാക്കൾ. ബിഹാറിലെ സമസ്തിപൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം ലഭിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നായിരുന്നു ആവശ്യം. നിസ്സഹായരായ മാതാപിതാക്കൾ തെരുവിൽ ഭിക്ഷയ്ക്കിറങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മാനസിക വെല്ലുവിളി നേരിടുന്ന മഹേഷ് താക്കൂറിൻ്റെ മകനെ മെയ് 25നാണ് കാണാതായത്. ബന്ധുക്കൾ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ജൂൺ 7 ന് മുസ്രിഘരാരി സ്റ്റേഷൻ പരിധിയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി കുടുംബം അറിഞ്ഞു. ബന്ധുക്കൾ സ്‌റ്റേഷനിൽ എത്തിയപ്പോൾ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയ വിവരം അറിയിക്കുകയായിരുന്നു. മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയ മാതാപിതാക്കളെ ആദ്യം ശവശരീരം കാണിക്കാൻ ജീവനക്കാർ തയ്യാറായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹേഷ് കേണപേക്ഷിച്ചതോടെ മൃതദേഹം കാണുകയും, മകൻ സഞ്ജീവ് താക്കൂറിനെ തിരിച്ചറിയുകയും ചെയ്തു. മൃതദേഹം വിട്ടുനൽകണമെന്ന് പോസ്റ്റ്‌മോർട്ടം ജീവനക്കാരൻ നാഗേന്ദ്ര മല്ലിക്കിനോട് ആവശ്യപ്പെട്ടു. എന്നാൽ 50,000 രൂപ നൽകാതെ തരില്ലെന്ന് നാഗേന്ദ്ര പറഞ്ഞു. ദരിദ്രകുടുംബത്തിൽ പെട്ടയാളാണെന്നും മൃതദേഹം നൽകണമെന്നും പിതാവ് അപേക്ഷിച്ചെങ്കിലും നാഗേന്ദ്ര വഴങ്ങിയില്ല. അവസാനം, നിസ്സഹായരായ മാതാപിതാക്കൾ പണം കണ്ടെത്തുന്നതിനായി പ്രദേശത്ത് യാചിക്കാൻ തുടങ്ങി.

ഭിക്ഷാടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും, വെറുതെ വിടില്ലെന്നും മനുഷ്യസമൂഹത്തിന് അപമാനമാണിതെന്നും ആശുപത്രിയിലെ സിവിൽ സർജൻ ഡോക്ടർ ഡി.കെ.ചൗധരി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക