തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ കവിത പോസ്റ്റ് ചെയത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം. സോഷ്യല്‍ മീഡിയയിലൂടെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയേയും പ്രതിപക്ഷ നേതാവിനേയും അപമാനിച്ച എന്‍ എസ് നുസൂറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശംഭു പാല്‍ക്കുളങ്ങരയാണ് കെപിസിസി പ്രസിഡന്റിന് കത്തയച്ചിരിക്കുന്നത്. പുതിയ നേതൃത്വത്തിന് കീഴില്‍ നേതാക്കളും പ്രവര്‍ത്തകരും ഒത്തൊരുമയോടെ പോവുന്ന ഘട്ടത്തില്‍ ഇത്തരം പ്രവണത സംഘടനയ്ക്ക് ദോഷം ചെയ്യുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബിലിനും കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റ് പാലോട് രവിക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

എന്‍ എസ് നുസൂര്‍ എഴുതിയ കത്ത് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായിരിക്കുകയാണ്. തൃക്കാക്കരയിലെ വിജയത്തിന് ശേഷം പാര്‍ട്ടിക്ക് പുതു ജീവന്‍ കിട്ടിയ അവസരത്തില്‍ പാര്‍ട്ടിയില്‍ തമ്മിലടിയുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നുസൂര്‍ നടത്തിയിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ ആരോപിക്കുന്നു. പഠിക്കാനുണ്ടേറെ എന്ന തലക്കെട്ടോടെയായിരുന്നു എന്‍ എസ് നുസൂര്‍ കവിത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കോട്ടയെന്നാലത് ഉരുക്കുകോട്ട.. ആര് തകര്‍ത്താലും തകരാത്തൊരുരുക്കുകോട്ട… തകര്‍ക്കാന്‍ നോക്കിയോര്‍ സ്വയം തകര്‍ന്നോരുരുക്കുകോട്ട.. പിന്നെന്തിനതിനൊരു അപരപിതൃത്വമെന്നതത്ഭുതമെന്ന് കവിതയില്‍ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്‍ എസ് നുസൂര്‍ പങ്കുവെച്ച കവിത:

‘പഠിക്കാനുണ്ടേറെ..’

പഠിക്കാനുണ്ടേറെ….

ഇനിയും പഠിക്കാനുണ്ടേറെ…

പ്രഭാത സവാരിക്കിറങ്ങിയവര്‍,

കണ്ടുഞെട്ടി സുന്ദരമുഖങ്ങള്‍ പടങ്ങളില്‍…

മാധ്യമങ്ങളില്‍

കണ്ടമുഖമല്ലിതെന്നുറപ്പ്..

അതൊരു നാരീ മുഖമാണെന്നുറപ്പല്ലോ. .

എന്നാലിതെന്തത്ഭുതം…

സൂക്ഷിച്ചുനോക്കുമ്ബോളല്ലോ അതിന്‍രസം..

ചരടുവലിക്കുന്നവര്‍ ബഹുമാന്യര്‍….

വന്ദിക്കുന്നതല്ലൊ മാലോകരവരെ..

പഠിക്കാനുണ്ടിനിയുമേറെ …

കോട്ടയെന്നാലത് ഉരുക്കുകോട്ട..

ആര് തകര്‍ത്താലും തകരാത്തൊരുരുക്കുകോട്ട…

തകര്‍ക്കാന്‍ നോക്കിയോര്‍ സ്വയം തകര്‍ന്നോരുരുക്കുകോട്ട..

പിന്നെന്തിനതിനൊരു അപരപിതൃത്വമെന്നതത്ഭുതം..

പഠിക്കാനുണ്ടേറെ….

ഞാനെന്നെ നേതാവെന്നുവിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോര്‍ക്കണം..

ആയിരംപേരൊന്നിച്ചുവിളിച്ചാലാവണം ഞാനൊരുനേതാവെന്നതുംചരിത്രം..

അങ്ങനൊരുനേതാവുണ്ടതിന്‍

ഫലമാണിങ്ങാനൊരു വിജയമെന്നോര്‍ക്കണം നമ്മള്‍.

പഠിക്കാനുണ്ടിനിയുമേറെ..

പച്ചപ്പിനെ സ്‌നേഹിച്ചോന്‍…

വ്യവസ്ഥിതിയെ പഠിപ്പിച്ചോന്‍..

സ്ത്രീസുരക്ഷയ്ക്കായ് വാദിച്ചോന്‍..

കുടുംബവാഴ്ചയെ പുച്ഛിച്ചോന്‍…

തെറ്റിനെതിരെ വിരല്‍ചൂണ്ടിയോന്‍..

ഒറ്റപ്പെടുത്തിയവര്‍ക്കൊരു മറുപടി

മൃത്യുവില്‍ നല്കിയോന്‍…

ഇനിയും പഠിക്കാനുണ്ടേറെ..

മാലോകര്‍ പഠിച്ചത് പഠിക്കാത്തതൊരാള്‍ മാത്രം…

അവരോടൊന്നും പറയേണ്ടതില്ലീ കാലത്തില്‍..

കലികാലമെന്നതോര്‍ക്കണം നമ്മളെങ്കിലും..

പഠിക്കാനുണ്ടേറെ..

ഇനിയും പഠിക്കാനുണ്ടേറെ..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക