ഹൈദരാബാദ്: ഇന്ത്യയിലാകെ സ്വീകാര്യത നേടിയ കെജിഎഫ് സിനിമയിലെ യാഷിന്റെ നായക കഥാപാത്രമായ റോക്കി ബായിയുടെ സ്‌റ്റൈലില്‍ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീര്‍ത്ത് ഗുരുതരാവസ്ഥയിലായ ബാലന് ചികിത്സ നല്‍കി. ഹൈദരാബാദിലെ സെഞ്ച്വറി ആശുപത്രിയിലാണ് അമിതമായി സിഗരറ്റ് വലിച്ച്‌ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കൗമാരക്കാരനെ എത്തിച്ചത്. കടുത്ത ചുമയോടെയെത്തിയ ഹൈദരാബാദ് രാജേന്ദ്ര നഗര്‍ നിവാസിയായ 15 കാരനാണ് ആശുപത്രിയില്‍ വെച്ച്‌ ചികിത്സയും കൗണ്‍സിലിങും നല്‍കിയത്.

രണ്ടു ദിവസത്തിനുള്ളില്‍ കെജിഎഫ് -2, മൂന്നു വട്ടം കണ്ട മകന്‍ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചതറിഞ്ഞ രക്ഷിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ചിത്രം പുറത്തിറങ്ങി രണ്ടാം വാരത്തില്‍ സിനിമ കണ്ട കുട്ടി ആദ്യമായി സിഗരറ്റ് വലിച്ചത് തന്നെ നായകന്‍ റോക്കി ബായിയുടെ സ്‌റ്റൈലിലായിരുന്നു. ഇതാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കൗമാരക്കാര്‍ റോക്കി ബായി പോലെയുള്ള സിനിമാ കഥാപാത്രങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടരാകും. ഈ കുട്ടി അത്തരത്തില്‍ ആകൃഷ്ടനായി ഒരു പാക്കറ്റ് സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. സിനിമകള്‍ സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കുന്നതാണ്. അതിനാല്‍ തന്നെ പ്രധാന സംവിധായകരും നടന്മാരും സിഗരറ്റ് വലിക്കുന്നതും പുകയില ഉപയോഗിക്കുന്നതും മദ്യപാനവും മനോഹര കൃത്യമായി അവതരിപ്പിക്കരുത്. റോക്കി ബായിയെ പോലുള്ള കഥാപാത്രങ്ങള്‍ യുവ മനസ്സുകളില്‍ ഒരു കള്‍ട്ട് പരിവേഷം നേടുന്നവയാണ്’ പുകവലിച്ച്‌ കുട്ടി ചികിത്സ തേടിയ സെഞ്ച്വറി ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് പള്‍മനോളജിസ്റ്റ് ഡോ. രോഹിത് റെഡ്ഡി പാതുരി വിഷയത്തില്‍ പ്രതികരിച്ചു.

ബാല്യകാലത്തും കൗമാരത്തിലും സിഗരറ്റ് വലിക്കുന്നത് വഴി നിരവധി ശ്വാസകോശ രോഗങ്ങളാണ് നേരിടേണ്ടി വരിക. പുകവലി ഒരു ആസക്തിയായി മാറുന്നതാണ്. ഇപ്പോഴും പുകവലി ശീലമുള്ളവരില്‍ 87 ശതമാനം പേരും 18 വയസ്സുള്ളപ്പോഴും 95 ശതമാനം പേരും 21 വയസ്സുള്ളപ്പോഴും പുകവലിച്ചു തുടങ്ങിയവരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക