എറണാകുളം: മത വിദ്വേഷ പ്രസം​ഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എറണാകുളം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങള്‍ ഒന്നും തന്റെ പ്രസംഗത്തില്‍ ഇല്ലെന്നാണ് പിസി ജോര്‍ജ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ട് തടയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മതവിദ്വേഷ പ്രസംഗം ആവര്‍ത്തിച്ച പി സി ജോര്‍ജിന്റെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. പാലാരിവട്ടം പൊലീസാണ് പി സി ജോര്‍ജ്ജിന് എതിരെ സ്വമേധയാ കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

135 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ നടപടികള്‍ നേരിടവെയാണ് പി സി ജോര്‍ജ് എറണാകുളം വെണ്ണലയിലും വിദ്വേഷ പ്രസം​ഗം നടത്തിയത്. വെണ്ണലയില്‍ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ആദ്യം ലഭിച്ചത്, അപ്പോള്‍ തന്നെ കേസെടുത്തു. വീഡിയോ കൂടി പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടെന്നും സിറ്റി പൊലീസ് കമ്മീഷര്‍ എച്ച്‌ നാഗരാജു മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോര്‍ജ് പറഞ്ഞത്.

എന്തെല്ലാം പറഞ്ഞോ അതില്‍ ഉറച്ച്‌ നില്‍ക്കുന്നു, തെറ്റ് പറ്റി എന്ന് തോന്നു കാര്യങ്ങള്‍ മുന്‍പും പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയെ സ്‌നേഹിക്കാത്തവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ താന്‍ എങ്ങനെ തീവ്രവാദിയാവും എന്ന ചോദ്യവും പിസി ജോര്‍ജ് ഉന്നയിച്ചു. അഭിമന്യു വധക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മുസ്ലീം തീവ്രവാദികളുടെ പിന്തുണ വേണ്ടന്ന് താന്‍ പറഞ്ഞത്. മുസ്ലീം വിഭാഗത്തിലെ ഒരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തള്ളിപ്പറയുക തന്നെ ചെയ്യും. ഇന്ത്യാ രാജ്യത്തെ സ്‌നേഹിക്കാത്ത ആരുടേയും വോട്ടുകള്‍ വേണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക