കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെ നടന്ന് പ്രതികരണമെടുക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ വി തോമസിന്റെ പ്രതികരണം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതും അതില്‍ കോണ്‍ഗ്രസ് നേതാക്കളോട് മറുപടി ചോദിക്കുന്നതുമാണ് വി ഡി സതീശനെ പ്രകോപിതനാക്കിയത്.

‘രാവിലെ കോലും കൊണ്ട് തോപ്പുംപടിയിലെ ഒരു വീട്ടില്‍പോയി പ്രതികരണം എടുത്തിട്ട് അതില്‍ ഞങ്ങളോട് പ്രതികരണം ചോദിക്കുന്നത് അവസാനിപ്പിക്കണം. എപ്പോള്‍ പ്രതികരണം ചോദിച്ചാലും മറുപടി പറയുന്നവരാണ് ഞങ്ങള്‍. പക്ഷെ അത് ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത്. ഇനി ഞങ്ങളോട് ഒന്നും വന്ന് ചോദിക്കരുത്. അത് ഇന്നത്തോടെ നിര്‍ത്തണം.”-കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വി ഡി സതീശന്‍ പറഞ്ഞത്:

”തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിപിഐഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസം എറണാകുളം ജില്ലയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കംകാരണമാണ്. എന്നിട്ട് ഒരു മാധ്യമങ്ങള്‍ പോലും ആ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഒരു മണിക്കൂര്‍ വൈകിയിരുന്നെങ്കില്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കലാപം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച്‌ കോണ്‍ഗ്രസിനെ മാധ്യമങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുമായിരുന്നു. സിപിഐഎമ്മുമായി ബന്ധപ്പെട്ട് അത്തരമൊരു വാര്‍ത്ത ഒരു മാധ്യമങ്ങളിലും വന്നിട്ടില്ലെന്നാണ് യാഥാര്‍ത്ഥ്യം.”

”എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സസ്‌പെന്‍സില്‍ എന്നായിരുന്ന പല മാധ്യമങ്ങളിലെയും തലക്കെട്ട്. കോണ്‍ഗ്രസിലായിരുന്നെങ്കില്‍ അങ്ങനെ കൊടുക്കുമായിരുന്നോ. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെ ഈ കോലുമായി നിങ്ങള്‍ നടക്കുകയാണ്. എല്ലാ ദിവസവും തോപ്പുംപടിയിലെ ഒരു വീട്ടില്‍ ചെന്ന് നിങ്ങള്‍ ഒരാളോട് അഭിപ്രായം ചോദിക്കുന്നുണ്ട്. അവിടെ നിന്ന് വീണ് കിട്ടുന്ന പലതും പെരുപ്പിച്ച്‌ വാര്‍ത്തയാക്കുകയാണ്. ഒരാള്‍ ഓരേ കാര്യം നാല് ദിവസം പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് നാല് ദിവസവും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. എന്നിട്ട് ഞങ്ങളോട് അഭിപ്രായം ചോദിച്ച്‌ ദയവായി വരരുത്. നിങ്ങള്‍ തന്നെ അതിന് മറുപടിയും കണ്ടെത്തണം. ഇനി ഞങ്ങളോട് ഒന്നും വന്ന് ചോദിക്കരുത്. അത് ഇന്നത്തോടെ നിര്‍ത്തണം.”

”കോണ്‍ഗ്രസില്‍ കുഴപ്പമാമെന്ന് വരുത്തി തീര്‍ക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമിക്കുന്നത്. സിപിഐഎമ്മില്‍ ഇതുവരെ കേട്ട് കേള്‍വിയില്ലാത്ത സംഭവം നടന്നിട്ട് ആരെങ്കിലും ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌തോ. വേദനയോടെയാണ് ഇത് പറയുന്നത്. കിട്ടുന്ന എല്ലാ അവസരങ്ങളിലും നിങ്ങള്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അത് ഇനി വേണ്ട. അത് തുറന്ന് പറയുകയാണ്. അത് ശരിയല്ല. എപ്പോള്‍ പ്രതികരണം ചോദിച്ചാലും മറുപടി പറയുന്നവരാണ് ഞങ്ങള്‍. പക്ഷെ അത് ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത്.”

”എല്‍ഡിഎഫിന് വേണ്ടി ഉപയോഗിച്ച സ്ഥാനാര്‍ത്ഥി നിര്‍ണയം സസ്‌പെന്‍സില്‍ എന്ന വാചകമൊക്കെ ഞങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിക്കാം. സിപിഐഎമ്മിലെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മറച്ച്‌ വയ്ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക