കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ് ഇടതു പക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കാര്‍ഡുകള്‍ പുറത്തുവിട്ടതോടെ അണികളും ആവേശത്തിലാണ്. തൃക്കാക്കര മണ്ഡലം പിടിച്ചെക്കുമെന്നുള്ള ആത്മവിശ്വാസത്തിലാണ് സിപിഎം.

തൃക്കാക്കരയില്‍ സിപിഎം വിജയക്കൊടി പാറിച്ചാല്‍ കേരള നിയമസഭയില്‍ എംഎല്‍എമാരുടെ എണ്ണം നൂറിലെത്തും. ഇക്കുറി വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് പറഞ്ഞു. കെ റയില്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം. യു‍‍‍ഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ്, എന്നാല്‍ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തില്‍ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിര്‍പ്പ് മുന്നണിക്കും സര്‍ക്കാരിനുമെതിരെ നില്‍ക്കുമ്ബോള്‍ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കുന്നുവെന്ന് പി രാജീവ് പറയുന്നു.

നഗര കേന്ദ്രീകൃത മണ്ഡലത്തില്‍ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഉടക്കി നില്‍ക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍, ട്വന്‍റി ട്വന്‍റി – ആപ് സംയുക്ത സ്ഥാനാര്‍ഥി നീക്കം ഇതെല്ലാം പരമാവധി തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷ. തൃക്കാക്കരയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുന്നയാളെ വേണോ അതോ വികസനത്തിന് എതിര് നില്‍ക്കുന്ന പ്രതിപക്ഷ പ്രതിനിധി വേണോ എന്ന ചോദ്യമാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഇടതുപക്ഷം വെക്കുന്നത്.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസ് സ്ഥാനാ‍ര്‍ത്ഥിയായി ഉമ തേമസ് തന്നെ മതിയെന്ന് കോണ്‍‌​ഗ്രസ്. അന്തരിച്ച എം.എല്‍.എ പിടി തോമസിന്‍്റെ ഭാര്യയെ തന്നെ മത്സര രം​ഗത്തിറക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍​ഗ്രസ് നേതൃയോ​ഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ ഔദ്യോ​ഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദേശീയ നേതൃത്വമാകും നടത്തു. ഇതിനായി ഉമയുടെ പേര് ഹൈക്കമാന്‍ഡിന്‍്റെ അന്തിമ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീന‍ര്‍ എം.എം.ഹസ്സന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ര്‍ പങ്കെടുത്ത യോ​ഗത്തില്‍ ഉമ തോമസിന്‍്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.

യോ​ഗത്തിന് മുന്‍പേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശന്‍ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിന്‍്റെ സിറ്റിം​ഗ് സീറ്റില്‍ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോണ്‍​ഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തില്‍ കെ.സുധാകരനും വിഡി സതീശനും ഒറ്റക്കെട്ടുമാണ്. അനാവശ്യ ച‍ര്‍ച്ചകള്‍ക്ക് സമയം നല്‍കാതെ എത്രയും പെട്ടെന്ന് സ്ഥാനാ‍ര്‍ത്ഥിയെ പ്രഖ്യാപിക്കണം എന്നാണ് വിഡി സതീശന്‍്റെ നിലപാടാണ്. ഉമ തോമസിനെ സ്ഥാനാ‍ര്‍ത്ഥിയാക്കുന്നതിനെതിരെ ഡൊമനിക് പ്രസന്‍്റേഷന്‍ അടക്കമുള്ളവ‍ര്‍ രം​ഗത്ത് വരാന്‍ സാധ്യതയുണ്ടെങ്കിലും പ്രതിഷേധം അനുനയിപ്പിക്കാനാവും എന്ന പ്രതീക്ഷയിലാണ് കോണ്‍​ഗ്രസ് നേതൃത്വം.

തൃക്കാക്കരയില്‍ വികസനത്തിനൊപ്പം നില്‍ക്കും എന്ന പ്രസ്താവനയിലൂടെ കെ.വി.തോമസ് നല്‍കിയ സൂചനകളെ കെപിസിസി നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഉമ തോമസിന്‍്റെ സ്ഥാനാ‍ര്‍ത്ഥിത്വത്തിനെതിരെ പലതരം വിമര്‍ശനങ്ങളുണ്ടാവാനുള്ള സാധ്യത ശക്തമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ തൃക്കാക്കരയിലെ ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍ ഉമയാണ് എന്ന് കെ.സുധാകരനും സംഘവും കരുതുന്നു. മുന്‍ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോണ്‍​ഗ്രസ് സംഘടനാ സംവിധാനം പൂ‍ര്‍ണമായും പ്രവര്‍ത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. പിടി തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നും നഗരസ്വഭാവമുള്ള തൃക്കാക്കര പോലൊരു മണ്ഡലത്തില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി വരുന്നത് അനുയോജ്യമായിരിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

രാഷ്ട്രീയ ചരിത്രത്തില്‍ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മാത്രം നടന്നിട്ടുള്ള മണ്ഡലത്തില്‍ ആദ്യ വിജയം നേടാന്‍ എല്‍ഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ജെ. ജേക്കബിനെ 14329 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസ് വിജയം പിടിച്ചു നിര്‍ത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജെ. ജേക്കബ് 45,510 വോട്ട് നേടി. കോളജ് പഠനകാലം മുതല്‍ എറണാകുളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങളും ജയത്തിനു തുണയായിരുന്നു.

തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളില്‍ നിന്നു ചില ഭാഗങ്ങള്‍ വീതം ചേര്‍ത്തു 2011ല്‍ രൂപീകരിച്ച മണ്ഡലമാണ് തൃക്കാക്കര. നേരത്തെ വോട്ടു ചെയ്ത 2011ലും 2016ലും ജയം അനുഗ്രഹിച്ചതു യുഡിഎഫിനെയായിരുന്നു. 2011ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനു കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷം നല്‍കി തൃക്കാക്കര എല്‍ഡിഎഫിനെ ഞെട്ടിച്ചു. സിപിഎമ്മിലെ എം.ഇ.ഹസൈനാരെ അദ്ദേഹം വീഴ്ത്തിയതു 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. പിന്നീടു 2014ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു; കെ.വി.തോമസിനു മണ്ഡലം നല്‍കിയ ഭൂരിപക്ഷം 17,314 വോട്ടുകള്‍.

2011 ലെ നിയമസഭ, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഗംഭീര ഭൂരിപക്ഷം കിട്ടിയതോടെ തൃക്കാക്കര മണ്ഡലത്തെയും യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വന്തം ‘കോട്ട’കളുടെ പട്ടികയിലാണ് പെടുത്തിയിരുന്നത്. 2016ല്‍ സിറ്റിങ് എംഎല്‍എ ബെന്നി ബഹനാനു പകരം പി.ടി.തോമസിനെയാണു മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നിയോഗിച്ചത്. അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവിലായിരുന്നു ബെന്നിയുടെ പിന്‍മാറ്റം. പലവട്ടം എംപിയും എംഎല്‍എയുമൊക്കെ ആയ ഡോ.സെബാസ്റ്റ്യന്‍ പോളിന്റെ കരുത്തില്‍ വിജയിക്കാമെന്നായിരുന്നു എല്‍ഡിഎഫ് മോഹം പക്ഷേ, പി.ടി.തോമസിനു മുന്നില്‍ അതു പൊലിയുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര നഗരസഭാ ഭരണവും യുഡിഎഫ് നേടിയിരുന്നു.

യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോരിനിടയില്‍ സ്വന്തം കരുത്തു തെളിയിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. 2011ല്‍ എന്‍.സജികുമാര്‍ 5,935 വോട്ടു നേടിയപ്പോള്‍ 2016ല്‍ എസ്.സജി നേടിയതു 21,247 വോട്ടുകളായിരുന്നു. വോട്ടുവിഹിതം വര്‍ധിപ്പിക്കാനായത് ബിജെപിക്ക് ആവേശം നല്‍കിയിരുന്നു. പഞ്ചായത്തുകളില്ലാത്ത നിയമസഭാ മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര നഗരസഭയും കൊച്ചി കോര്‍പറേഷനിലെ ഏതാനും ഡിവിഷനുകളും ചേര്‍ന്ന മണ്ഡലമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക