ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ മൂന്ന് ചൈനീസ് വംശജരെ ഉള്‍പ്പെടെ നാലുപേരെ ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തിയ യുവതിയെ കുറിച്ച്‌ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഉന്നത വിദ്യാഭ്യാസം നേടിയ ഷാരി ബലോച് രണ്ട് അമ്മയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടറായ ഹബിതാന്‍ ബഷിര്‍ ബലോച് എന്നയാളുടെ ഭാര്യയാണ് അധ്യാപിക കൂടിയായ ഈ മുപ്പതുകാരി.

ബലൂചിസ്ഥാനിലെ ടര്‍ബാത് മേഖലയിലുള്ള നിസാര്‍ അബാദ് സ്വദേശിനിയാണ് ഷാരി ബലോച്. ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിക്കുകയായിരുന്നു. ചില ചൈനീസ് പദ്ധതികള്‍ക്ക് വേണ്ടി ഇവരുടെ ഭൂമി ബലമായി ഏറ്റെടുക്കുകയും ചെയ്തു. ഇതിനെല്ലാമുള്ള പ്രതികാരമെന്ന നിലയിലാണ് ബലൂച് വിമോചന സായുധ സംഘടനയില്‍ യുവതി അം​ഗമായത്. വിദ്യാര്‍ഥി ആയിരിക്കുമ്ബോള്‍ത്തന്നെ ഷാരി ‘ബലൂച് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷ’ന്റെ ഭാഗമായിരുന്നു. ബലൂചി വംശജര്‍ക്കെതിരെ നടക്കുന്ന വംശഹത്യയെക്കുറിച്ചും ബലൂചിസ്ഥാനിലെ കടന്നുകയറ്റത്തെക്കുറിച്ചും യുവതിക്ക് നല്ല ധാരണയുണ്ടായിരുന്നു. എംഎസ്‍സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരി. പഠിക്കുന്ന സമയത്ത് തന്നെ ദന്തഡോക്ടറായ ഹബിതാനെ വിവാഹം കഴിച്ച ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. മക്കളില്‍ ഒരാള്‍ക്ക് എട്ട് വയസും മറ്റൊരാള്‍ക്ക് അ‍ഞ്ച് വയസുമാണുള്ളതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായുള്ള ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ)യാണ്. ബിഎല്‍എയുടെ മജീദ് ബ്രിഗേഡാണ് ആക്രമണം നടത്തിയതെന്ന് സംഘടന പറയുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഷാരി ഈ ചാവേര്‍‌ സ്ക്വാ‍ഡില്‍ അംഗത്വമെടുത്തത്. രണ്ട് കുട്ടികള്‍ ഉള്ള സാഹചര്യത്തില്‍ സ്കാഡില്‍നിന്നു പിന്മാറാന്‍ ഷാരിക്ക് അവസരം നല്‍കിയെങ്കിലും അവര്‍ അതിനു തയാറായില്ലെന്ന് സംഘടന പറയുന്നു.

മജീദ് ബ്രിഗേഡിന്റെ നടപ്പുരീതികള്‍ അനുസരിച്ച്‌ തന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ ഷാരിക്ക് സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളില്‍ അവര്‍ ‘സേവനമനുഷ്ഠിച്ചു’. ആറു മാസം മുന്‍പാണ് ചാവേറാകാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഷാരി സംഘടനയെ അറിയിച്ചത്. അതിനുശേഷം ഇക്കാര്യം നടപ്പാക്കാനായി ശ്രമിക്കുകയായിരുന്നു അവരെന്ന് സംഘടന പറയുന്നു.

ബലൂചിസ്ഥാനിലെയും പാക്കിസ്ഥാനിലെ മറ്റു സ്ഥലങ്ങളിലേയും ചൈനീസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് ബിഎല്‍എ പറയുന്നത്. ”ചൈനയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ബലൂചിസ്ഥാനില്‍ അനുവദിക്കാന്‍ പറ്റില്ല എന്നതാണ് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറെയും മറ്റുള്ളവരെയും ലക്ഷ്യമിട്ടതു വഴി ഉദ്ദേശിച്ചത്. കാരണം, അത് ചൈനയുടെ സാമ്ബത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ വിപുലീകരണത്തിന്റെ പ്രതീകമാണ്” – ബിഎല്‍എ വക്താവ് ജീയാന്ത് ബലോച് പറഞ്ഞു.

ബലൂചിസ്ഥാനിലെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ചൈനയ്ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിഎല്‍എ പറയുന്നു. അതുപോലെ ബലൂചികളെ വംശഹത്യ നടത്താന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് സാമ്ബത്തികമായും മറ്റും നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന അവരുടെ ബലൂചിസ്ഥാനിലെ വിപുലീകരണ ശ്രമങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് പറഞ്ഞ ബിഎല്‍എ, ചൈന ബലൂചിസ്ഥാനില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

ബലൂച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡിലെ പരിശീലനം സിദ്ധിച്ച നൂറുകണക്കിന് പേരാണ് ഇത്തരം ആക്രമണങ്ങള്‍ ബലൂചിസ്ഥാനിലും പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും നടത്താന്‍ തയാറെടുത്തിരിക്കുന്നതെന്നും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ട് സമാധാനപരമായി പിന്മാറുകയാണ് പാക്കിസ്ഥാന് നല്ലതെന്നുമാണ് സംഘടന നല്‍കുന്ന മുന്നറിയിപ്പ്. തങ്ങളുടെ ആദ്യ വനിതാ ചാവേറാണ് ഷാരി ബലോച് എന്ന് ബിഎല്‍എ വ്യക്തമാക്കിയിരുന്നു.

ഇറാനും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്ക് മേഖലയാണ് ബലൂചിസ്ഥാന്‍‍. പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുന്‍പും സായുധ നടപടികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. 60 ബില്യന്‍ ഡോളറിന്റെ ചൈന-പാക് സാമ്ബത്തിക ഇടനാഴിക്കെതിരെ ബലൂചിസ്ഥാനിലെ സായുധ സംഘങ്ങള്‍ മുന്‍പും ആക്രമണമഴിച്ചു വിട്ടിട്ടുണ്ട്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഹുവാങ് ഗുയിപിങ്, വനിതാ അധ്യാപകരായ ഡിങ് മുപെങ്, ചെന്‍സാ എന്നിവരും പാക്കിസ്ഥാന്‍കാരനായ വാന്‍ ഡ്രൈവറുമാണ് കറാച്ചിയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗസ്റ്റ് ഹൗസില്‍നിന്ന് അധ്യാപകരെ കൊണ്ടുവന്ന വാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തില്‍ എത്തിയപ്പോഴായിരുന്നു സ്ഫോടനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക