തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതിയില്‍ ദേശാഭിമാനി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, ചിന്ത പത്രാധിപര്‍ നിയമനങ്ങളില്‍ വിമര്‍ശനവുമായി എ എന്‍ ഷംസീര്‍. ചുമതല വിഭജനത്തില്‍ സന്തുലനമില്ലെന്ന് തലശ്ശേരി എംഎല്‍എ കുറ്റപ്പെടുത്തി. ചിലര്‍ക്ക് ചുമതല നല്‍കിയത് പേരിന് മാത്രമാണ്. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഷംസീറിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിക്കുന്നെന്ന വിവരം ചോര്‍ന്നതിനെ ചോദ്യം ചെയ്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും രംഗത്തെത്തി.

പി ശശിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയ നിയമനത്തെ എതിര്‍ത്ത് സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്തെത്തി. പി ശശിയുടെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നെന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടി. പി ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. എന്നാല്‍ പി ജയരാജന്റെ വിയോജിപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ അതൃപ്തി പ്രകടിപ്പിച്ചു. നിയമനം ചര്‍ച്ച ചെയ്യുമ്ബോഴല്ല എതിര്‍പ്പ് അറിയിക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു. സംസ്ഥാന സമിതിയില്‍ അല്ലേ ചര്‍ച്ച ചെയ്യാന്‍ പറ്റൂ എന്ന് പി ജയരാജന്‍ തിരിച്ചടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിക്കാന്‍ തീരുമാനിച്ചത്. പുത്തലത്ത് ദിനേശന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാറ്റം. പാര്‍ട്ടി നടപടിയില്‍ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്ക് രണ്ടാം ഊഴമാണ് പി ശശിയെ തെരഞ്ഞെടുത്തത്. നേരത്തെ ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പി ശശി സേവനം ആനുഷ്ടിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി സദാചാര ലംഘന ആരോപണങ്ങളെത്തുടര്‍ന്ന് 2011ല്‍ പാര്‍ട്ടിക്ക് പുറത്തായതോടെയാണ് നേതൃത്വത്തില്‍ നിന്നും വിട്ട് നിന്നത്. പിന്നീട്, ലൈംഗിക പീഡന കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കുകയും 2018 ജൂലൈയില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയും ചെയ്യുകയായിരുന്നു. 2019 മാര്‍ച്ചില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ പി ശശി സിപിഐഎം കണ്ണൂര്‍ ഘടകത്തിലെ ശക്തനായ നേതാക്കളില്‍ ഒരാളായിരുന്നു.

അതേസമയം ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനറാക്കാനുള്ള തീരുമാനത്തിനും സിപിഐഎം സംസ്ഥാന സമിതി യോഗം അംഗീകാരം നല്‍കി. ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി പുത്തലത്ത് ദിനേശനെ തീരുമാനിച്ചു. തോമസ് ഐസക്കിന് ചിന്തയുടെ ചുമതല നല്‍കി. പിബിയില്‍ നിന്നും ഒഴിഞ്ഞ എസ് രാമചന്ദ്രന്‍ പിള്ളക്കാണ് ഇഎംഎസ് അക്കാദമിയുടെയും എകെജി പഠന ഗവേഷണ കേന്ദ്രത്തിന്‍റെയും ചുമതല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക