ഇസ്ലാമാബാദ്: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്ത്. ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതോടെയാണ് ഇമ്രാന്‍ സര്‍ക്കാര്‍ വീണത്. രാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് സഭയില്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരായ പ്രമേയം പാസ്സായത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണ് വേണ്ടിയിരുന്നത്.

അവിശ്വാസ വോട്ടെടുപ്പിലൂടെ പാകിസ്ഥാനില്‍ ഭരണത്തില്‍ നിന്നും പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍( 69). വോട്ടെടുപ്പിന് തൊട്ടുമുമ്ബ് അസംബ്ലി സ്പീക്കര്‍ ആസാദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖിനെ ഇടക്കാല സ്പീക്കറായി നിയമിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവിശ്വാസ പ്രമേയ നടപടികള്‍ക്കായി ഇന്നലെ രാവിലെ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ വലിച്ചുനീട്ടുകയായിരുന്നു. രാത്രി 9നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാന്‍ രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പാര്‍ലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.

അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചതോടെ പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വോട്ടെടുപ്പിനു സഭാ സ്പീക്കര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അര്‍ധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാന്‍ നിര്‍ദേശം നല്‍കി. സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും നിര്‍ണായക ഇടപെടലോടെ, അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ഇമ്രാന്റെ തന്ത്രം പാളുകയായിരുന്നു. 2018-ലാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

അഴിമതി, സാമ്ബത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച്‌ എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസവോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി നിരാകരിച്ചു. തുടര്‍ന്ന്, ഇമ്രാന്റെ ശുപാര്‍ശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചുവിടുകയുംചെയ്തു. എന്നാല്‍ ഈ രണ്ടുനടപടികളും റദ്ദാക്കിയ സുപ്രീംകോടതി, അസംബ്ലി പുനഃസ്ഥാപിക്കുകയും അവിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക