രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ ഇമ്രാന്‍ ഖാന്റെ (Imran Khan) ഭാര്യ ബുഷ്റ ബീബിയുടെ (Bushra Bibi) അടുത്ത സുഹൃത്തായ ഫറാ ഖാന്‍ രാജ്യം വിട്ടു. രാജ്യം വിടാന്‍ ഫറാ ഖാന് അനുമതി ലഭിച്ചത് പാകിസ്ഥാനില്‍ (Pakistan) കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി തുറന്നു. ഫറാ ഖാന്‍ വില പിടിപ്പുള്ള ഒരു ബാ​ഗുമായി വിമാനത്തില്‍ ഇരിക്കുന്നതിന്റെ ഫോട്ടോ പുറത്തു വന്നതോടെ ആരോപണങ്ങള്‍ ശക്തമായി.

പ്രതിപക്ഷത്തു നിന്നും അഴിമതി ആരോപണം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഫറാ രാജ്യം വിട്ടതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന് എതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നതിന്റെ പശ്ചാത്തലത്തില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫറാ ഖാന്‍ ദുബായിലേക്ക് പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാക് പ്രഥമ വനിത ബുഷ്‌റ ബീബിയുടെ അടുത്ത സുഹൃത്താണ് ഫറാ ഖാന്‍. ഫറയുടെ ബാ​ഗിന്റെ വില 90,000 ഡോളര്‍ ആണെന്ന് പിഎംഎല്‍-എന്‍ നേതാവും മുന്‍ പാകിസ്ഥാന്‍ ധനമന്ത്രിയുമായ മിഫ്താ ഇസ്മയില്‍ ആരോപിച്ചു. ഫറയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് മുന്‍ മന്ത്രിയുടെ പ്രതികരണം.

ഫറായെക്കുറിച്ച്‌ മുമ്ബ് പിടിഐ നേതാവ് അലീം ഖാന്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് പിഎംഎല്‍-എന്നിനും പറയാനുള്ളതെന്ന് ഇസ്മായില്‍ പറഞ്ഞു. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിലെ സിവില്‍ സര്‍വീസുകാരെ സ്ഥലം മാറ്റുന്നതിനായി ബുഷ്റ ബീബിയുടെ അടുത്ത സുഹൃത്തായ ഫറ പണം കൈപ്പറ്റിയതായും പിഎംഎല്‍-എന്‍ നേതാവ് ആരോപിച്ചു. ആ പണം ആര്‍ക്കാണ് പോയതെന്നും അദ്ദേഹം ചോദിച്ചു.

“സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി അടുത്ത സൗഹൃദത്തിലായതിനാല്‍ അവര്‍ക്ക് അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും. മാത്രമല്ല പലര്‍ക്കു വേണ്ടിയും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നത് അവര്‍ ആയിരുന്നു”, ഇസ്മായില്‍ ആരോപിച്ചു. പ്രാദേശിക കറന്‍സിയില്‍ 16.2 ദശലക്ഷം രൂപയോളം വിലയുള്ള ബാ​ഗാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാറിന് എതിരെയും ഇസ്മയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. “മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും മറ്റാര്‍ക്കോ വേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയാണ്. ഉസ്മാന്‍ ബുസ്ദാറിന്റെ അഴിമതിയെക്കുറിച്ച്‌ ഇമ്രാന്‍ ഖാനെ അറിയിക്കുമെന്ന് അലീം ഖാന്‍ പറഞ്ഞപ്പോള്‍ ഇമ്രാന്‍ ഖാന്‍ അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്തത്, ആരാണ് ബുസ്ദാറിന് പണം നല്‍കുന്നത്”, ഇസ്മായില്‍ ചോദിച്ചു.

നിലവിലെ സാഹചര്യത്തില്‍ രണ്ട് റൊട്ടിക്ക് പകരം ഒരു റൊട്ടി കഴിക്കാനാണ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പിഎംഎല്‍-എന്‍ നേതാവ് പറഞ്ഞു. ഗോതമ്ബിന്റെയും പഞ്ചസാരയുടെയും വില വര്‍ധിച്ചതിനാല്‍ ആളുകള്‍ ഒരു റൊട്ടിയാണ് വാങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഫറ ഖാന്റെ ബാഗിന് 16.2 ദശലക്ഷം രൂപയോളം വില വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക