തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തപ്പോള്‍ താന്‍ ഉദ്ദേശിച്ച പലതും നടപ്പാക്കാനായില്ലെന്ന് തുറന്ന് പറഞ്ഞ് കെ സുധാകരന്‍ എംപി. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തത് ഏറെ അഭിമാനത്തോടെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരാശയും സങ്കടവുമുണ്ട് എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു പ്രതികരണം.

അംഗത്വവിതരണം ഉള്‍പ്പെടെ സംഘടനാപരമായ പല കാര്യങ്ങളും വിവിധ കാരണങ്ങളാല്‍ ഉദ്ദേശിച്ച രീതിയില്‍ നടന്നില്ലെന്നും കെ സുധാകരന‍്‍. യോഗത്തില്‍ പ്രതികരിച്ചു. മാര്‍ച്ച്‌ 31നുള്ളില്‍ കേരളത്തില്‍ അമ്ബത് ലക്ഷത്തോളം പേരെ അംഗത്വത്തിലെത്തിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ നാല് ലക്ഷം പേരെയാണ് ചേര്‍ക്കാൻ കഴിഞ്ഞത്. ഇക്കാര്യം ഉള്‍പ്പെടെ കഴിഞ്ഞകാര്യങ്ങള്‍ തീര്‍ന്നു, ഇനിയുള്ള ദിവസങ്ങള്‍ നേതാക്കളും പ്രവര്‍ത്തകരും ഒരേ മനസ്സായി നിന്ന് അംഗത്വവിതരണം വിജയകരമായി ലക്ഷ്യത്തിലെത്തിക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി ആസ്ഥാനത്തെ ചില സാഹചര്യങ്ങളെ കുറിച്ചും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രസിഡന്റ് സ്ഥലത്ത് ഇല്ലാത്ത സമയത്ത് കെപിസിസി ഓഫിസ് ഉപജാപക സംഘത്തിന്റെ താവളമായി മാറുന്നുവെന്നായിരുന്നു പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം. ഓഫിസ് പ്രവര്‍ത്തനത്തില്‍ കുറേക്കൂടി ജാഗ്രത വേണം എന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. വിമര്‍ശനങ്ങളൊക്കെ ഗൗരവത്തിലെടുക്കുമെന്നായിരുന്നു സുധാകരന്‍ ആശങ്കകള്‍ക്ക് നല്‍കിയ മറുപടി.

അംഗത്വ വിതരണത്തിന് ഏപ്രില്‍ 15 വരെ സമയം നീട്ടിയ സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ അംഗത്വവിതരണ ചുമതലയുള്ളവരുടെ യോഗം ഉടന്‍ വിളിച്ചു കൂട്ടാനും കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കി. ഇതിനായി ഡിസിസി പ്രസിഡന്റുമാരെയും ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. ഡിജിറ്റല്‍ അംഗത്വവിതരണം തുടരുമ്ബോഴും കടലാസ് അംഗത്വത്തിനു കൂടുതല്‍ പ്രധാന്യം നല്‍കണം. ഓരോ ദിവസവും അംഗത്വവിതരണം വിലയിരുത്തണമെന്നുമാണ് കെപിസിസി അധ്യക്ഷന്റെ നിര്‍ദേശം. എന്നാല്‍, അംഗത്വവിതരണം ഊര്‍ജിതമാക്കണമെന്ന നിര്‍ദേശങ്ങളല്ലാതെ വിവാദ വിഷയങ്ങളൊന്നും യോഗം പരിഗണിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക