തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സ്വര്‍ണക്കടത്ത് കേസും ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടലും. സിപിഎമ്മിനെ വേട്ടയാടുന്ന സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം എന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇക്കാര്യത്തില്‍ സി.പി.എം എന്ന പാര്‍ട്ടിയുടെ സമീപനം എന്താണ് എന്നാണ് നോക്കേണ്ടത്. അല്ലാതെ ആളെങ്ങനെ എന്നുള്ളതല്ല. ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്നിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. അതില്‍ പലതരക്കാരുണ്ടാകും. ഒരുതരത്തിലുള്ള തെറ്റിന്റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സി.പി.എം . അത്തരത്തിലുള്ളവര്‍ പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍, അതിലിടപെടുകയും ആ തെറ്റിന്റെ ഗൗരവത്തിനനുസരിച്ചുള്ള ഇടപെടല്‍ പാര്‍ട്ടി നടത്തുകയും ചെയ്യും. എത്രയോ സംഭവങ്ങള്‍ അങ്ങനെ കേരളത്തിലുണ്ടായിട്ടുണ്ട്. തെറ്റു ചെയ്യുന്നവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ല’ , മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എല്ലാ ഫേസ്ബുക്ക് പോസ്റ്റുകളുടെയും പിന്നാലെ സിപിഎമ്മിന് പോകാന്‍ കഴിയില്ല. പാര്‍ട്ടിയുടെതല്ലാത്ത പോസ്റ്റ് അത്തരത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പരസ്യമായി അക്കാര്യത്തില്‍ പ്രതികരിക്കേണ്ടി വന്നത്. ഇവരൊന്നും പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളോ, പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുള്ളവരോ അല്ല. തോന്നുന്നത് വിളിച്ചു പറയുകയാണവര്‍. ഇതിലൊന്നിനും സിപിഎമ്മിന് ഇടപെടാന്‍ കഴിയില്ല’.

‘ പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപരമാണ്. ഇപ്പോഴത്തെതല്ലാത്ത പ്രതിപക്ഷ നേതാവ് നേരത്തെ എന്തെല്ലാം പറഞ്ഞു. എന്നിട്ട് എവിടെ എത്തി അത്തരം കാര്യങ്ങള്‍. എവിടെയെങ്കിലും എത്തിക്കാന്‍ കഴിഞ്ഞോ? സര്‍ക്കാരിന് എന്തെങ്കിലും വീഴ്ച ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് നോക്കേണ്ടതെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക