തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ ഓട്ടോ ഡ്രൈവറെ (Auto driver) ഫോര്‍ട്ട് പോലീസ് (Fort Police) ആളുമാറി മര്‍ദിച്ചു. മണക്കാട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന അമ്ബലത്തറ സ്വദേശി ആര്‍ കുമാറിനെയാണ് പോലീസ് തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ കുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം കുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു എന്നും മര്‍ദിച്ചതായി അറിയില്ലെന്നുമാണ് ഫോര്‍ട്ട് പോലീസ് നല്‍കിയ വിശദീകരണം. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ഫോര്‍ട്ട് പോലീസ് സംഘം മണക്കാട് ഓട്ടോ സ്റ്റാന്‍ഡിലെത്തിയത്. ശ്യാമ എന്ന പേരുള്ള ഓട്ടോ കണ്ടതോടെ പൊലീസ് തടഞ്ഞു നിര്‍ത്തി കുമാറിനെ പിടികൂടി. പിടിച്ചയുടന്‍ മര്‍ദ്ദനം തുടങ്ങിയതായി കുമാര്‍ പറയുന്നു. പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലും സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആളുമാറിപ്പോയെന്ന് പറഞ്ഞ് 500 രൂപയും തന്ന് വിട്ടയച്ചെന്നും കുമാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവമറിഞ്ഞ് കുമാറിന്റെ ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചേര്‍ന്ന് കുമാറുമായി ഫോര്‍ട്ട് പോലീസ് സ്റ്റേഷന്റെ മുന്നിലെത്തി. അപ്പോഴേക്കും വേദന സഹിക്കാന്‍ പറ്റാതായതോടെ കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്‌കാനിംഗ് റിപ്പോര്‍ട്ടിംഗില്‍ കുമാറിന്റെ നട്ടെല്ലിന് പരിക്കുണ്ടെന്ന് കണ്ടെത്തി. സംഭവത്തില്‍ കുമാറിന്റെ ഭാര്യ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച്‌ സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷണം തുടങ്ങി. എന്നാല്‍ മര്‍ദിച്ചു എന്ന കാര്യം അറിയില്ലെന്നാണ് ഫോര്‍ട്ട് പോലീസിന്റെ വിശദീകരണം. സ്വര്‍ണമാല പിടിച്ചുപറിച്ച കേസിലെ പ്രതിയുടെ ഓട്ടോയാണെന്ന് കരുതിയാണ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്യലില്‍ ആളുമാറി എന്ന് മനസിലായതോടെ പറഞ്ഞയക്കുകയായിരുന്നു എന്നുമാണ് ഫോര്‍ട്ട് പോലീസ് പറയുന്നത്. സംഭവത്തിന് ഉത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം കിട്ടണമെന്നും കുമാറിന്റെ ഭാര്യ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക