കൊച്ചി: ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെയും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പുലിവാല് പിടിച്ചത് കൊച്ചിയിലെ പൊലീസാണ്. സമൂഹ മാധ്യമങ്ങളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ആരോപണങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ യുവതികളെത്തിയത്.

എന്നാല്‍, ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ആരോപണം ഉന്നയിച്ച യുവതി മാതാപിതാക്കളുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതിയില്ലെന്ന് വെളിപ്പെടുത്തി. ഇതിന് പിന്നാലെ ആരോപണം ഉന്നയിച്ച മറ്റ് യുവതികളെയും പൊലീസ് സമീപിച്ചെങ്കിലും അവരും കേസിന് താത്പര്യമില്ലെന്ന് പറയുകയായിരുന്നു. കേസിന് പോകാതെ എന്ത് നീതി പ്രതീക്ഷിച്ചാണ് യുവതികളുടെ വെളിപ്പെടുത്തല്‍ എന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. അതേസമയം ടാറ്റു കലാകാരന്‍മാര്‍ക്കിടയിലുള്ള പോരാണ് ആരോപണത്തിനു പിന്നിലെന്നാണ് പ്രതിയുടെ ബന്ധുക്കള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ ടാറ്റു കലാകാരനെതിരെ സുപ്രീം കോടതിയുടെ ലളിതകുമാരി വേഴ്സസ് യുപി കേസിലെ വിധി അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. ലൈംഗിക പീഡന പരാതികളില്‍ പൊലീസിനു നേരിട്ടു പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിനിടെ ആരോപണമുയര്‍ന്ന ടാറ്റു കലാകാരനെതിരെ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചിറ്റൂരിലും വെണ്ണലയിലുമുള്ള ഇയാളുടെ വീടുകളില്‍ എത്തിയിരുന്നു. പരാതി ഉയര്‍ന്നതിനു പിന്നാലെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണെന്നു സിറ്റി കമ്മിഷണര്‍ പറയുന്നു.

സമൂഹമാധ്യമത്തില്‍ ആദ്യം പോസ്റ്റിട്ട യുവതി കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി ഇല്ലെന്ന് അറിയിച്ചിരുന്നു. ഇവര്‍ക്കൊപ്പം ആരോപണങ്ങളുമായി എത്തിയ പെണ്‍കുട്ടികളെയും പൊലീസ് കണ്ടെത്തി നേരിട്ടു ചോദിക്കുമ്ബോള്‍ ഇവര്‍ക്ക് ആര്‍ക്കും പരാതിയില്ലെന്നാണ് പറയുന്നത്. ഇതോടെയാണ് പൊലീസ് സ്വന്തം രീതിയില്‍ അന്വേഷണത്തിന് തീരുമാനിച്ചത്. ഫോണ്‍ വഴിയാണെങ്കിലും പരാതി ലഭിച്ചാല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സി. നാഗരാജു അറിയിച്ചിരിക്കുന്നത്.

കൊച്ചിയിലെ അനീസ് അന്‍സാരി മേക്കപ്പ് സ്റ്റുഡിയോ ഉടമ അനീസ് അന്‍സാരിക്കെതിരെയാണ് യുവതികള്‍ പരാതിയുമായി രം​ഗത്തെത്തിയത്. ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് തങ്ങള്‍ക്കു നേരേ അനീസ് നടത്തിയ ലൈം​ഗിക അതിക്രമങ്ങള്‍ യുവതികള്‍ തുറന്നു പറയുന്നത്. അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച യുവതികള്‍ ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അനീസിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ മീടു ആരോപണം ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെ തുടര്‍ന്ന് സ്റ്റുഡിയോ ഉടമ മുങ്ങിയതായാണ് സൂചന. ഇയാള്‍ ദുബായിലേക്ക് കടന്നെന്നും മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു. ലുലുമാളിലടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേക്കപ്പ് സാധനങ്ങള്‍ വില്‍ക്കുന്ന നിരവധി ഷോപ്പുകള്‍ ഇയാള്‍ക്കുണ്ട്. അനീസ് അന്‍സാരി എന്നാണ് ഷോപ്പിന്റെ പേരും.

2014 മുതല്‍ അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയ സ്ത്രീകളാണ് ഇന്‍സ്റ്റാഗ്രാമില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കു പുറമേ ഇരയായ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും അനീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നതിനിടയില്‍ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സ്തനങ്ങള്‍ക്കു ചുറ്റും ഫൗണ്ടേഷന്‍ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച്‌ തഴുകുക, പിന്നീട് മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങളയക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

2019 ല്‍ ഒരു പെണ്‍കുട്ടി വിവാഹത്തിനായുള്ള മേക്കപ്പിന് അനീസിനെയാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന്റ ഭാഗമായി ട്രൈയല്‍ മേക്കപ്പിനായി ഒരാഴ്ച മുന്‍പ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോയില്‍ മാതാവുമൊന്നിച്ച്‌ എത്തി. അവിടെ വച്ച്‌ ഇയാള്‍ അപമര്യാദയായി പെരുമാറി. ശരീരത്തില്‍ കടന്നു പിടിക്കുകയും മസ്സാജ് ചെയ്യുകയും ചെയ്തു. ഇതോടെ മേക്ക്പ്പ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്ത് വന്ന് മാതാവിനോട് ഇക്കാര്യം പറഞ്ഞ് ബുക്കിങ് ക്യാന്‍സല്‍ ചെയ്യിപ്പിക്കുകയും ചെയ്തു എന്നാണ് ഇന്‍സ്റ്റാഗ്രാമിലെ ഒരു ആരോപണം. വിവാഹ നിശ്ചയത്തിന്റെ ആവശ്യത്തിനായി മേക്കപ്പ് ചെയ്യാനായി തനിയെ പോയ മറ്റൊരു പെണ്‍കുട്ടിയുടെ ഷര്‍ട്ട് ഇയാള്‍ ഊരിയെടുത്തു. ഞെട്ടിപ്പോയ പെണ്‍കുട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. തൊട്ടടുത്ത വിവാഹ നിശ്ചയത്തിന് എന്തെങ്കിലും പ്രശ്നം വരുമോ എന്ന് ഭയന്ന് മറ്റാരോടും ഇത് പറയാതെ മനസ്സില്‍ അടക്കി വച്ചിരിക്കുകയായിരുന്നു.

വിവാഹതലേന്ന് ചക്കരപറമ്ബിലെ ഇയാളുടെ സ്റ്റുഡിയോയിലെത്തിയ മറ്റൊരു പെണ്‍കുട്ടിയുടെ ഷര്‍ട്ട് ഊരി മാറ്റിയത് ഫൗണ്ടേഷന്‍ ഇടാനാണ് എന്ന് പറഞ്ഞാണ്. അത് വിലക്കിയപ്പോള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ മേക്കപ്പ് കൊണ്ട് യാതൊരു ഫലവുമില്ലെന്ന് ഇയാള്‍ പറഞ്ഞ് നിര്‍ബന്ധിപ്പിക്കുകയായിരുന്നു. വയറില്‍ ഫൗണ്ടേഷന്‍ ഇട്ടതിന് ശേഷം സ്തനങ്ങള്‍ കൂടി പുറത്തേക്ക് കാണിക്കാമോ എന്ന് ഇയാള്‍ ചോദിച്ചു. ഇതോടെ അസ്വസ്ഥയായ പെണ്‍കുട്ടി അവിടെ നിന്നും ഇറങ്ങിപ്പോയി. ഏറ്റവും അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇക്കാര്യം പറഞ്ഞപ്പോള്‍ വിവാഹമല്ലേ, മറ്റാരും ഇതറിഞ്ഞ് പ്രശ്നമാകേണ്ട എന്ന് ഉപദേശിച്ച്‌ സമാധാനിപ്പിക്കുകയായിരുന്നു.

വിവാഹ നിശ്ചയത്തിനായി മേക്കപ്പ് ചെയ്യാനെത്തിയ മറ്റൊരു യുവതിയെ ഫൗണ്ടേഷന്‍ ഇടുന്നതിനിടെ ലൈംഗിക അവയവം ശരീരത്തില്‍ ഉരച്ച്‌ അനീസ് അതിക്രമം കാണിച്ചു. എന്നിട്ട് പെണ്‍കുട്ടിയോട് ആ ഭാഗത്ത് ചൂട് അനുഭവപ്പെട്ടോ എന്നും ചോദിച്ചു. പകച്ചിരുന്ന പെണ്‍കുട്ടിയുടെ ടീഷര്‍ട്ട് ഉയര്‍ത്തി മുന്‍ഭാഗത്തേക്ക് തുറിച്ചു നോക്കുകയും അവിടെ ഫൗണ്ടോഷന്‍ തേച്ചു പിടിപ്പിക്കുകയും ചെയ്തു. ഇതെല്ലാം യുവതിയെ മാനസികമായി തളര്‍ത്തി. പുറത്ത് വന്ന് അമ്മയോടും ബന്ധുവിനോടും ഇക്കാര്യം പറഞ്ഞെങ്കിലും അങ്ങനെയൊന്നും ആയിരിക്കില്ല, എല്ലാം നിന്റെ അനാവശ്യ തോന്നലായിരിക്കുംമെന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ഈ സംഭവത്തോടുകൂടി അടുത്ത ദിവസത്തെ വിവാഹനിശ്ചയത്തില്‍ സന്തോഷമില്ലാതെയാണ് നിന്നത് എന്ന് യുവതി വേദനയോടെ കുറിക്കുന്നു.

സ്വന്തം ഭാര്യക്ക് അനീസില്‍ നിന്നും നേരിട്ട അനുഭവം ഒരു ഭര്‍ത്താവ് വെളിപ്പെടുത്തുന്നത് ഇങ്ങനെ. വിവാഹ നിശ്ചയത്തിന് എന്റെ ഭാര്യയുടെ മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു. ഞാന്‍

വിവാഹ നിശ്ചയത്തിന് എന്റെ ഭാര്യയുടെ മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു. ഞാന്‍ കാരണം തിരക്കിയപ്പോള്‍ ആദ്യം ഒന്നും പറഞ്ഞില്ല. എന്നാല്‍ വിവാഹ തലേന്ന് അവള്‍ക്ക് അന്ന് മേക്കപ്പ് ചെയ്ത ആളുടെ പെരുമാറ്റം ശരിയല്ലായിരുന്നു. അതിനാല്‍ വിവാഹത്തിന് മേക്കപ്പ് ചെയ്യാന്‍ പോകാന്‍ മടിയാണെന്ന് പറഞ്ഞു. അതോടെ വിവാഹ ദിവസം പുലര്‍ച്ചെ മേക്കപ്പ് സ്റ്റുഡിയോയില്‍ ഭാര്യക്കൊപ്പം തന്നെ നിന്ന് മേക്കപ്പ് ചെയ്യിച്ചു മടങ്ങുകയായിരുന്നു. അന്ന് ഇക്കാര്യം അയാളോട് ചോദിക്കാതെ പോയത് വലിയ തെറ്റായി ഇപ്പോള്‍ തോന്നുവെന്നും ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഇപ്പോള്‍ ആരോപണം വന്നപ്പോള്‍ അത് തുറന്ന് പറയണമെന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തില്‍ നിരവധി പേരാണ് അനീസ് അന്‍സാരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു യുവതിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിക്ക് മറുപടിയായാണ് ഇവരെല്ലാം അനീസിനെതിരെയുള്ള ആരോപണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അവര്‍ സ്്ക്രീന്‍ഷോട്ട് സഹിതം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ തനി നിറം പുറത്തറിയുന്നത്. ക്രിസ്ത്യന്‍ വിവാഹങ്ങള്‍ക്കാണ് അനീസ് മേക്കപ്പ് ചെയ്യുന്നത്. പലരും ഉന്നത കുടുംബങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ ആരോടും തുറന്നു പറഞ്ഞിട്ടില്ല.

കൊച്ചിയിലെ തന്നെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ മീടൂ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ലൈം​ഗിക പരാതി ഉയരുന്നത്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു കഴിഞ്ഞ ദിവസം യുവതിയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്ബ് ഇവിടെ ടാറ്റൂ ചെയ്ത പെണ്‍കുട്ടിക്ക് നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി യുവതികള്‍ സമാന സാഹചര്യത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ചത്.

ടാറ്റൂ ആര്‍ട്ടിസ്റ്റിന് നേരെ മീടൂ ആരോപണവുമായി എത്തിയ യുവതിയുടെ തുറന്നുപറച്ചിലിന് പിന്നാലെ നിരവധി പെണ്‍കുട്ടികളാണ് വെളിപ്പെടുത്തലുകളുമായി എത്തിയത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ടാറ്റൂ ചെയ്യാനായി പോകുന്ന കൊച്ചിയിലെ പ്രമുഖ ടാറ്റൂ സ്ഥാപനമായ ഇന്‍ഫെക്റ്റഡ് ടാറ്റൂവിലെ സുജീഷ്.പി എന്ന ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ചിറകുകളോട് കൂടിയ വജൈനയുടെ ടാറ്റൂ ചെയ്യാനെത്തിയ യുവതിയോട് സുജീഷ് ലൈംഗിക അതിക്രമം നടത്തിയതാണ് യുവതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.

ടാറ്റൂ ചെയ്യാന്‍ എത്തിയപ്പോള്‍ ആദ്യം ടാറ്റുവിന്റെ അര്‍ത്ഥവും, തന്റെ പ്രായവും പിന്നീട് സംസാരം വഴിമാറി സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിര്‍ജിനാണോ തുടങ്ങിയ ചോദ്യങ്ങളാണ് സുജീഷ് ചോദിച്ചതെന്നും യുവതി പറയുന്നു. കയ്യില്‍ സൂചിയുമായി സുജീഷ് ഇരുന്നതോടെ ഭയത്തോടെയാണ് താന്‍ കിടന്നിരുന്നതെന്നും യുവതി വെളിപ്പെടുത്തി. ഇതോടെ ഇയാള്‍ ടാറ്റൂ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ തന്റെ പാന്റുള്‍പ്പെടെ നീക്കി ബലാത്സം​ഗം ചെയ്തുവെന്നും യുവതി കുറിപ്പില്‍ പറയുന്നു.

ഒരാഴ്ചയ്ക്ക് മുമ്ബ് തനിക്കെതിരെ നടന്ന റേപ്പിനെക്കുറിച്ചാണ് യുവതി പങ്കുവെച്ചിരിക്കുന്നത്. ഒരാഴ്ച മുമ്ബാണ് പ്രസ്തുത ടാറ്റൂ സ്റ്റുഡിയോയില്‍ യുവതി ഒരു ആണ്‍സുഹൃത്തിനൊപ്പം എത്തുന്നത്. അതേ സ്ഥലത്തു നിന്ന് മുമ്ബും ടാറ്റൂ ചെയ്തിരുന്നു. തുടക്കത്തില്‍ സാധാരണ പോലെ ടാറ്റൂ ചെയ്തെങ്കിലും ഇടയ്ക്ക് വേദനിച്ചതിനാല്‍ താന്‍ അല്‍പം ബ്രേക് ചോദിച്ചിരുന്നു. ആശുപത്രികളില്‍ പോലും ലഭിക്കാത്തത്ര സുരക്ഷിതത്വം ആ ടാറ്റൂ സ്റ്റുഡിയോയില്‍ അനുഭവപ്പെട്ടതിനെക്കുറിച്ച്‌ സുഹൃത്തിനോട് പറഞ്ഞിരുന്നതായും യുവതി പറയുന്നു.

പ്രതികരിക്കാന്‍ കഴിയാതെ കിടന്ന താന്‍ പിന്നീട് പരാതിപ്പെടാനുള്ള വഴികള്‍ അന്വേഷിച്ചെങ്കിലും തെളിവോ സാക്ഷിയോ സമാന അനുഭവമുള്ളവരോ ഇല്ലാതെ നീതി ലഭിക്കില്ലെന്നാണ് തിരിച്ചറിഞ്ഞത്. പോസ്റ്റിനു കീഴില്‍ ഇതുപോലുള്ള വിവരങ്ങള്‍ പങ്കുവെക്കാനും പരമാവധി പോസ്റ്റ് പ്രചരിപ്പിക്കാനും പറയുന്നുണ്ട്. യുവതിയുടെ കുറിപ്പിന് പിന്നാലെ റെഡ്ഡിറ്റിലൂടെയും ഇന്‍സ്റ്റ​ഗ്രാമിലൂടെയും നിരവധി പേരാണ് ലൈം​ഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ചിരിക്കുന്നത്.

ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ബലാത്സംഗം വരെ ചെയ്തുമെന്നാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. രണ്ടു വര്‍ഷം മുമ്ബ് ഇരുപതാമത്തെ വയസ്സില്‍ സംഭവിച്ചത് എന്നു പറഞ്ഞാണ് ഒരു പെണ്‍കുട്ടി പോസ്റ്റിട്ടത്. ആദ്യത്തെ ടാറ്റൂ ചെയ്യാനാണ് അവിടെ പോയത്. വാരിയെല്ലിന് സമീപത്തായിരുന്നു ടാറ്റൂ. അതുകൊണ്ടുതന്നെ അല്‍പം ആശങ്കയും ഉണ്ടായിരുന്നു. തുടക്കത്തില്‍ ആ സ്ഥലം സുരക്ഷിതമാണ് എന്നാണ് തോന്നിയത്. എന്നാല്‍ ടാറ്റൂ ചെയ്ത് തുടങ്ങിയതോടെ അസുഖകരമായി അനുഭവപ്പെട്ടു തുടങ്ങി. തന്നോട് ബ്രാ ഊരാന്‍ ആവശ്യപ്പെടുകയും ശരീരം മറയ്ക്കാന്‍ ഒരു തുണി പോലും നല്‍കാതിരിക്കുകയും ചെയ്തു.

ഇരുപതു വയസ്സുകാരി എന്ന നിലയ്ക്കും ആദ്യമായി ടാറ്റൂ ചെയ്യുന്ന ആളെന്ന നിലയ്ക്കും ഇതെല്ലാം ശരിയാണോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാല്‍ വൈകാതെ അയാള്‍ തന്റെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി എന്നും കുറിപ്പിലുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അതേക്കുറിച്ച്‌ തുറന്നെഴുതുമ്ബോള്‍ സുജീഷ് എന്ന വ്യക്തിയില്‍ നിന്ന് ലൈം​ഗിക അതിക്രമമാണ് നേരിട്ടതെന്ന് മനസ്സിലാകുന്നു. പലരുടെയും അനുഭവങ്ങള്‍ വായിക്കുമ്ബോള്‍ ഇതേ രീതി അയാള്‍ പല സ്ത്രീകളില്‍ ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും പോസ്റ്റിലുണ്ട്.

ഇതേ അനുഭവം സുജീഷില്‍ നിന്നുണ്ടായെന്ന് വ്യക്തമാക്കി നിരവധി യുവതികള്‍ അയച്ച സന്ദേശങ്ങളും യുവതിയുടെ ഇന്‍സ്റ്റ​ഗ്രാം പേജില്‍ സ്റ്റോറികളായി ഇട്ടിട്ടുണ്ട്. ഇത്തരത്തിലൊരു അനുഭവം ഇനിയൊരു യുവതിക്കും ഉണ്ടാകാന്‍ ഇടവരരുത് എന്ന് പറഞ്ഞാണ് പലരും തുറന്നു പറഞ്ഞു രം​ഗത്തെത്തിയിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. സ്റ്റുഡിയോയുടെ ഉടമസ്ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസന്‍സ് സംബന്ധിച്ചും പലയിടത്തും പരാതികളുണ്ട്. പലതും ശാസ്ത്രീയ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക